2025ന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം 2025-നു ശേഷമേ ഉണ്ടാകൂവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ. 2025 കത്തോലിക്കാ സഭ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിക്കാൻ ‘ജൂബിലി വർഷമായി’ പ്രഖ്യാപിച്ചതിനാൽ ഈ സമയത്ത് മാർപ്പാപ്പ അനുബന്ധ ആഘോഷങ്ങളിലും പരിപാടികളിലും പങ്കെടുക്കും.

ഈ വർഷം ആദ്യം ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മാർപാപ്പയെ ക്ഷണിച്ചതായി കുര്യൻ സ്ഥിരീകരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. “മാർപ്പാപ്പയുടെ സൗകര്യവും വത്തിക്കാൻ തീരുമാനമനുസരിച്ചും സന്ദർശനം ആസൂത്രണം ചെയ്യും. ജൂബിലി വർഷത്തിന് ശേഷം അത് എത്രയും വേഗം സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” കുര്യൻ പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പയുടെ കർദ്ദിനാളായി മോൺസിഞ്ഞോർ ജോർജ്ജ് ജേക്കബ് കൂവക്കാടിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയ മന്ത്രി, പ്രധാനമന്ത്രി മോദിയും ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹവും ചരിത്രപരമായ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.