ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിന് എതിരെ ഐക്യരാഷ്ട്ര സഭ; സ്വതന്ത്ര ജുഡിഷ്യറിയും നിയമസംവിധാനവും ഇല്ലാത്ത രാജ്യമല്ല ഇതെന്ന് മറുപടി നൽകി ഇന്ത്യ

ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ. ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകർ വലിയ സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. പൗരാവകാശ പ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷണർ മിഷെൽ ബാച്ച്ലറ്റ് പ്രസ്താവനയിൽ പറഞ്ഞു. സന്നദ്ധ സംഘടനകൾക്ക് എതിരായ കേന്ദ്ര സർക്കാർ നടപടികളും ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ പറഞ്ഞു.

ഫാദർ സ്റ്റാൻ സ്വാമി അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ് തെറ്റായ സന്ദേശം നൽകുന്നതാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്‌ലറ്റിന്റെ വിമർശനം. ഇത്തരത്തിലുള്ള അറസ്റ്റുകൾ വിശാല താത്പര്യം കണക്കിലെടുത്ത് ഒഴിവാക്കേണ്ടതാണ്. സന്നദ്ധ പ്രപർത്തകർക്ക് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും സംഘടനയേയും അടിസ്ഥാനമാക്കി സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യം കേന്ദ്ര സർക്കാർ ഒരുക്കുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവരെ വേട്ടയാടുന്ന സമീപനമാണ് നടക്കുന്നതെന്നും മിഷേൽ ബാച്ച്‌ലെറ്റ് പ്രസ്താവനയിൽ പറയുന്നു. പൗരത്വ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 1500- ഓളം പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ എതിർപ്പ് രേഖപ്പെടുത്തിയ യുഎപിഎ നിയമം ഇവർക്ക് എതിരെ ചുമത്തിയതും തെറ്റായ സന്ദേശമാണ് നൽകുന്നത്.

അതേസമയം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ പ്രസ്താവനയും അതിലെ നിർദേശങ്ങളും ഇന്ത്യ പൂർണമായും തള്ളി. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ളവ ഇന്ത്യയുടെ പരമാധികാരത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സ്വതന്ത്ര ജുഡിഷ്യറിയും നിയമ സംവിധാനവും ഇല്ലാത്ത രാജ്യമല്ല ഇന്ത്യ. ഏതെങ്കിലും മനുഷ്യാവകാശവിരുദ്ധ പ്രവൃത്തികൾ ഉണ്ടായാൽ മറ്റേത് രാജ്യത്തെക്കാളും മികച്ച രീതിയിലാണ് അതിനെ നേരിടുന്നത്. തിർത്തും മുൻവിധി നിറഞ്ഞ ഇത്തരം പ്രസ്താവനകൾ മനുഷ്യാവകാശ കൗൺസിലിന്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ഇന്ത്യ വ്യക്തമാക്കി. സന്നദ്ധ സംഘടനകൾക്കും അതിലെ പ്രവർത്തകർക്കും രാജ്യത്തെ നിയമം ലംഘിക്കാൻ ഒരു അധികാരവും നൽകിയിട്ടില്ല. ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെട്ട് കാര്യങ്ങൾ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിൽ വിലയിരുത്തണമെന്നും ഇന്ത്യ നിർദേശിച്ചു.