മഹാരാഷ്ട്ര രാഷ്ട്രിയ പ്രതിസന്ധി; വിമത എം.എല്‍.എമാരുടെ ഭാര്യമാരുമായി സംസാരിക്കാന്‍ ഉദ്ധവ് താക്കറെയുടെ ഭാര്യ രംഗത്ത്

മഹാരാഷ്ട്രയിലെ രാഷ്ട്രിയ പ്രതിസന്ധി തുടരുന്നതിനിടെ പ്രശ്ന പരിഹാരത്തിനായി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ രംഗത്ത്. എംഎൽഎമാരുടെ ഭാര്യമാരുമായി രശ്മി കൂടിക്കാഴ്ച്ച നടത്തിയതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യ്തത്.

ഗുവാഹത്തിയിലെ ഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാരെ ഭാര്യമാര്‍ വഴി അനുനയിപ്പിക്കാനാണ് നീക്കമെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവിൽ ഗുവാഹത്തിയിലെ ഒരു ഹോട്ടലിൽ താമസിക്കുന്ന ചില വിമത എംഎൽഎമാർക്കും ഉദ്ധവ് താക്കറെ വ്യക്തിപരമായി സന്ദേശം അയച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

മഹാരാഷ്ട്രയിൽ വിമത എംഎൽഎമാരും ഉദ്ധവ് വിഭാഗവും നിലപാട് കടുപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, മഹാരാഷ്ട്ര രാഷ്ട്രിയ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് വിമത ​ഗ്രൂപ്പ്.

വിമത​ഗ്രൂപ്പിലേക്ക് മാറിയ എംഎൽഎമാരെ അയോ​ഗ്യരാക്കണം എന്ന് കാണിച്ച് ശിവസേന നൽകിയ ശിപാർശയിൽ, കാരണം കാണിക്കൽ നോട്ടീസ് അയച്ച ഡെപ്യുട്ടി സ്പീക്കർക്കെതിരെ വിമതർ കോടതിയെ സമീപിച്ചേക്കും.ഡെപ്യുട്ടി സ്പീക്കർക്ക് തങ്ങളെ പുറത്താക്കാൻ അധികാരമില്ലെന്നും ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും വിമത എംഎൽഎ ദീപക് സർക്കർ പറഞ്ഞു