സംഘര്‍ഷഭരിതമായ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍കൂടി തയ്യാറെടുക്കുന്നുവെന്ന വിവരം പുറത്തുവിട്ട് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ്. ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി ടാങ്കറുകള്‍ ഉടന്‍ ഹോര്‍മുസ് കടക്കുമെന്ന് കപ്പല്‍ ഗാതാഗത ഡാറ്റയേയും വ്യാപാര ഉറവിടങ്ങളേയും ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഷാര്‍ജയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ഇന്ത്യന്‍ എല്‍പിജി ടാങ്കറുകളായ പൈന്‍ ഗ്യാസ്, ജഗ്വസന്ത് എന്നിവയാകും ഹോര്‍മുസ് കടക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. ഈ രണ്ട് കപ്പലുകളും ശനിയാഴ്ച തന്നെ പുറപ്പെട്ടേക്കുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണമില്ല എന്നതും കൂട്ടി വായിക്കണം. കഴിഞ്ഞയാഴ്ച, ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന് അനുവദിച്ചിരുന്നു. ഈ കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുകയും ചെയ്തിരുന്നു.
നിലവില്‍ 22 ഇന്ത്യന്‍ കപ്പലുകളാണ് ഹോര്‍മുസ് കടക്കാന്‍ കഴിയാതെ കിടക്കുന്നത്. ജഗ്വസന്ത് ബിപിസിഎല്ലിനായും പൈന്‍ ഗ്യാസ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചാര്‍ട്ട് ചെയ്ത ടാങ്കറുകളാണ്. ഇവ കൂടെ ഹോര്‍മൂസ് കടക്കുകയാണെങ്കില്‍ മൊത്തം 4 എല്‍പിജി ടാങ്കറുകള്‍ ഇറാന്റെ അനുമതിയോടെ ഹോര്‍മൂസ് കടലിടുക്ക് കടന്നുവെന്നാകും.
Read more
ജപ്പാന് കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുമതി നല്കാന് തയ്യാറാണെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞതും ശ്രദ്ധേയമാണ്. ജപ്പാന് സര്‍ക്കാരുമായി ഇറാന് ചര്‍ച്ച നടത്തി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.







