ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘമില്ല; അദാനി ഗ്രൂപ്പിന് ആശ്വാസം; ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അമേരിക്കന്‍ നിക്ഷേപ-ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിന് ആശ്വാസമായി സുപ്രീംകോടതി വിധി. ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘമില്ലെന്ന് കോടതി വ്യക്തമാക്കി. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളികൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, അദാനിക്കെതിരായ സെബിയുടെ അന്വേഷണം തുടരും.

അദാനിക്കെതിരെ സെബി അന്വേഷണത്തില്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സെബിയുടെ നിയന്ത്രണചട്ടക്കൂടിലേക്ക് പ്രവേശിക്കാനുള്ള കോടതിയുടെ അധികാരം പരിമിതമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ നിര്‍ണായക വിധി പറഞ്ഞത്. ജെ.പി. പാര്‍ദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണ ശരങ്ങള്‍ അദാനി ഗ്രൂപ്പ് ഓഹരികളിന്മേല്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ ഗൗതം അദാനിയുടെ ആസ്തിയില്‍ വന്‍ തകര്‍ച്ചയാണ് ഉണ്ടാക്കിയത്. അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരിവില പെരുപ്പിച്ച് കാട്ടിയെന്നും ആ ഓഹരികള്‍ ഈടുവച്ച് വായ്പ എടുത്തെന്നും കടലാസ് കമ്പനികളിലേക്ക് പണം തിരിമറി നടത്തിയെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് 2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്.

12,000 കോടി ഡോളര്‍ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും 2 വര്‍ഷത്തെ അന്വേഷണത്തിലൂടെ തയാറാക്കിയെന്ന് അവകാശപ്പെടുന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളുടെ വില തകര്‍ന്നടിഞ്ഞു. 2023 ജനുവരി 27ന് മാത്രം ഗൗതം അദാനിയുടെ ആസ്തിയില്‍ നിന്ന് 2,080 കോടി ഡോളര്‍ (1.70 ലക്ഷം കോടി രൂപ) കൊഴിഞ്ഞിരുന്നു.

പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ അദാനി ഗ്രൂപ്പിന് 14,000 കോടി ഡോളറിലധികം നഷ്ടപ്പെടുകയും 20,000 കോടി രൂപയുടെ ഓഹരി വില്‍പ്പന റദ്ദാക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് ഗ്രൂപ്പിനെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവാണ് ഉണ്ടായത്.