ട്രംപ് സ്വീകരിക്കുന്നത് മോദിയുടെ വികസന മാതൃക, തള്ളിമറിച്ച് യോഗി ആദിത്യനാഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാതൃകകള്‍ യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന് പ്രചോദനമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിശ്വഹിന്ദു പരിഷത്തിന്റെ ശാന്ത് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു യോഗി.

“അമേരിക്കയുടെ വികസനത്തിന് എങ്ങനെയാണു പ്രവര്‍ത്തിക്കുകയെന്നു ട്രംപിനോടു ചോദിച്ചപ്പോള്‍, ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി മോദി പ്രവര്‍ത്തിക്കുന്നതുപോലെ എന്നായിരുന്നു മറുപടി. ഇതു പ്രധാനമന്ത്രി മോദിക്കു മാത്രമല്ല, 125 കോടി ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ട്രംപിന്റെയും മോദിയുടെയും വികസനമാതൃക സമാനമാണ്.” മതങ്ങളെ സംരക്ഷിക്കണമെങ്കില്‍ ജാതീയത പോലുള്ള ദുരാചാരങ്ങള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നോട്ട് നിരോധനവും ജിഎസ്ടിയും പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ലെന്ന് സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പരോക്ഷമായി മോദി സമ്മതിച്ചിരുന്നു. ജിഎസ്ടിയും നോട്ട് നിരോധനവും കൊണ്ട് മാത്രം സര്‍ക്കാരിനെ അളക്കരുതെന്നാണ് മോദി പറഞ്ഞത്. രാജ്യത്തിന്റെ പ്രകടനം ലോകത്തിന്റെ ശ്രദ്ധ നേടാനും റേറ്റിങ് ഏജന്‍സികളുടെ റേറ്റിങ് കൂട്ടുകയും ചെയ്തിട്ടുണ്ടെന്നും മോഡി അഭിമുഖത്തില്‍ പഞ്ഞു.