തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി (ബിജു ജനതാദൾ) മുൻ എംപി പിനാകി മിശ്രയാണ് വരൻ. ജർമനിയിൽ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോർട്ട്. ഇരുവരുടെ വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മേയ് മൂന്നിനായിരുന്നു വിവാഹം.
പാർലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെയാണ് മഹുവ പ്രശസ്തയാകുന്നത്. 1974 ഒക്ടോബർ 12ന് അസമിൽ ജനിച്ച മഹുവ, ഇൻവെസ്റ്റ്മെന്റ് ബാങ്കർ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010ൽ തൃണമൂൽ കോൺഗ്രസിൽ എത്തി. 2019, 2024 തിരഞ്ഞെടുപ്പുകളിൽ പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചു. പാർലമെൻ്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവ അയോഗ്യയാക്കപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ച് പാർലമെന്റിലെത്തി.
ഒഡിഷയിലെ പുരി മണ്ഡലത്തിൽ എംപിയായിരുന്നു പിനാകി മിശ്ര. പുരി സ്വദേശിയും മുതിർന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്ടോബർ 23നാണ് ജനനം. കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജു ജനതാദളിൽ ചേരുകയായിരുന്നു. 2009, 2024, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പുരി മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
Read more
അതേസമയം, വിവാഹവാർത്ത മഹുവയോ പിനാകിയോ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. മഹുവ മൊയ്ത്ര മുൻപ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാർസ് ബ്രോർസനെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടി. പിന്നീട് മൂന്ന് വർഷത്തോളം അഭിഭാഷകൻ ജയ് അനന്ത് ദെഹാദ്രായിയുമായി ബന്ധത്തിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട മുൻ കാമുകൻ എന്നാണ് മഹുവ ഇദ്ദേഹത്തെ പിന്നീട് വിശേഷിപ്പിച്ചത്.