അയോദ്ധ്യയില്‍ ദളിതരുടെ ഭൂമി കൈമാറ്റം ചെയ്ത നടപടി നിയമവിരുദ്ധം; റവന്യു കോടതി

അയോദ്ധ്യ രാമക്ഷേത്രത്തിന് സമീപത്തുള്ള ദളിതരുടെ ഭൂമി നിയമവിരുദ്ധമായാണ് മഹര്‍ഷി രാമായണ്‍ വിദ്യാപീഠ് ട്രസ്റ്റ് ഏറ്റെടുത്തത് എന്ന് അയോദ്ധ്യയിലെ അസിസ്റ്റന്റ് റെക്കോഡ് ഓഫീസര്‍ കോടതിയില്‍. ഭൂമിയേറ്റെടുക്കല്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി ഇതിലെ എല്ലാ നടപടികളും അസാധുവായിരിക്കുമെന്ന് അറിയിച്ചു. ഭൂമി ഉടമസ്ഥര്‍ക്ക് വിട്ടു കൊടുക്കാനും കോടതി ഉത്തരവിട്ടു. ദളിതരുടെ 52,000 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് ട്രസ്റ്റ് തട്ടിയെടുത്തത്.

ഭൂമി കൈമാറ്റത്തിനായി വ്യാജരേഖകളൊന്നും ഉണ്ടാക്കിയിട്ടില്ലാത്തതിനാല്‍ ട്രസ്റ്റിനെതിരെ നടപടികള്‍ക്കൊന്നും ശിപാര്‍ശ നല്‍കിയിട്ടില്ല. 2019 നവംബര്‍ ഒമ്പതിലെ സുപ്രീംകോടതി ഉത്തരവിന് ശേഷം ക്ഷേത്രപരിസരത്തെ ഭൂമി വന്‍തോതില്‍ ഉന്നതര്‍ വാങ്ങിയിരുന്നു. ബി.ജെ.പി, എം.എല്‍.എമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവരുടെ ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരാണ് ഭൂമി വാങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വിവരം വാര്‍ത്തയായത്. ക്ഷേത്രനിര്‍മ്മാണം തുടങ്ങുമ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് സ്ഥലം വില്‍ക്കാമെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു എല്ലാവരും സ്ഥലം വാങ്ങിക്കൂട്ടിയത്.

Read more

സംഭവം വിവാദമായതോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 2019 സെപ്റ്റംബറില്‍ മഹര്‍ഷി രാമയണ്‍ വിദ്യാപീഠ് ട്രസ്റ്റ് ദളിതരുടെ ഭൂമി വില്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് ഭൂമി കൈമാറ്റം നിയമപ്രകാരമല്ല നടന്നത് എന്ന കാര്യം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ട്രസ്റ്റിന് ഭൂമി വിറ്റ ദളിതരിലൊരാള്‍ തന്റെ ഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടു എന്ന് ഉത്തര്‍പ്രദേശ് റവന്യൂ ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷിക്കാനായി അഡീഷണല്‍ കമ്മീഷണര്‍ ശിവ് പൂജനും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഗോരേലാല്‍ ശുക്ലയും അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യാതെ സംഭാവന എന്ന പേരില്‍ ദളിതരുടെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തു എന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ട്രസ്റ്റിനും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി എടുക്കണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു.