ബിപ്ലബ് ദേബ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയില്‍

വര്‍ഗീയ വിഷം ചീറ്റുന്നതും അപ്രസക്തങ്ങളുമായ പ്രസ്താവനകളാല്‍ ശ്രദ്ധേയനായ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ. ബിപ്ലബ് ദേവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ നിതി ദല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കി.

കാല്‍ നൂറ്റാണ്ട് കാലത്തെ ഭരണത്തിന് ശേഷം 2018 ലാണ് ബിജെപി സഖ്യകക്ഷിയായ ഐ പി എഫ് ടിയുമായി ചേര്‍ന്ന് ത്രിപുരയില്‍ അധികാരത്തില്‍ വന്നത്. ബിജെപിയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അബദ്ധജടിലങ്ങളായ പ്രസ്താവനകളാല്‍ കുപ്രസിദ്ധനാണ് ബിപ്ലബ്, ഇരുവര്‍ക്കും ഒരു മകനും മകളുമാണ്.   വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും വന്നിട്ടില്ല.

മഹാഭാരത കാലഘട്ടത്തില്‍ ഇന്റര്‍നെറ്റും സാറ്റലൈറ്റും എല്ലാം നിലനിന്നിരുന്നുവെന്നും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് സിവില്‍ എഞ്ചിനീയര്‍മാര്‍ മാത്രമെ ചേരാന്‍ പാടുള്ളു എന്നു തുടങ്ങി ഒട്ടേറെ പരാമര്‍ശങ്ങള്‍ ബിപ്ലബ് ദേബിന്റേതായിട്ടുണ്ട്. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതും ബിപ്ലബ് ആവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പിജുഷ് കാന്തി ബിശ്വാസ് പറഞ്ഞു. ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിക്കും താഴെയാണെന്ന് അടുത്തിടെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍മ്സ് നടത്തിയ സര്‍വേയില്‍ പറഞ്ഞിരുന്നു.