കര്‍ഷക സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്, രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് കര്‍ഷകര്‍

കര്‍ഷക സമരം പിന്‍വലിക്കുന്നത് സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഉച്ചയ്ക്ക് സിംഘുവില്‍ ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപനം നടത്തും. കര്‍ഷകരുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് തലസ്ഥാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നത് പരിഗണിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ ഉടന്‍ സമരം അവസാനിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രം ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഹരിയാന, യുപി, ഡല്‍ഹി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം ഉടനെ പിന്‍വലിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. മിനിമം താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാര്‍ഷിക വിദഗ്ധരും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കും.

കര്‍ഷകര്‍ മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്.കര്‍ഷക സമരത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയത് പോലെ ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കണം എന്ന ആവശ്യവും തത്ത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ലഘിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ വണ്ടി കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ നിയമനടപടികള്‍ തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അതിനാല്‍ ഈ ആവശ്യം ഉയര്‍ത്തിക്കാട്ടി സമരവുമായി മുന്നോട്ട് പോകാന്‍ ഉത്തര്‍പ്രദേശിലെ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

.