കര്‍ഷകര്‍ക്ക് ഇന്ന് വിജയദിനം; ഡല്‍ഹിയിലെ സമരമുഖത്ത് നിന്ന് വീടുകളിലേയ്ക്ക് മടങ്ങും

ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് കര്‍ഷകര്‍ ഇന്ന് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങും. തങ്ങളുടെ സമരം ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന് ഇന്ന് രാജ്യമൊട്ടാകെ കര്‍ഷകര്‍ വിജയ ദിവസമായി ആഘോഷിക്കും. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടത്തിയ പ്രക്ഷോഭങ്ങള്‍ നടന്ന ഭൂമിയാണ് ഇന്ന് ശാന്തമാകുന്നത്. വിവാദ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കിസാന്‍ സംയുക്ത മോര്‍ച്ച സിംഗു അതിര്‍ത്തിയില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചത്.

സമരം അവസാനിപ്പിച്ചുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ മുതല്‍ ഇവിടെ നിന്ന് കര്‍ഷകര്‍ അവരുടെ സാധനങ്ങള്‍ മാറ്റാന്‍ ആരംഭിച്ചു. സിംഗുവിലെ താല്‍ക്കാലിക ടെന്റുകളെല്ലാം പൊളിച്ചു തുടങ്ങി. വിജയഘോഷ മാര്‍ച്ച് നടത്തിയതിന് ശേഷമാണ് കര്‍ഷകര്‍ മടങ്ങുക.പ്രക്ഷോഭ സ്ഥലത്തു നിന്ന് ഒഴിയാനായി ഈ മാസം 15 വരെ ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കര്‍ഷര്‍ക്ക് സാവകാശം നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു.

കര്‍ഷകര്‍ സമരം അവസാനിപ്പിച്ചാലേ കേസുകള്‍ പിന്‍വലിക്കൂ എന്നായിരുന്നു സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ കേസുകള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂ എന്ന് കര്‍ഷക സംഘനടകള്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് മുന്നില്‍ കേസുകളെല്ലാം പിന്‍വലിക്കുമെന്ന് കേന്ദ്രം രേഖാമൂലം ഉറപ്പ് നല്‍കിയത്. മിനിമം താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാം. ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാര്‍ഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കും എന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ ചെയ്തത് പോലെ കര്‍ഷകസമരത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ നല്‍കണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.കൃഷി മന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗര്‍വാളാണ് കേന്ദ്രത്തിന്റെ രേഖമൂലം ഉറപ്പ് നല്‍കികൊണ്ടുള്ള കത്ത് കര്‍ഷകര്‍ക്ക് കൈമാറിയത്. സര്‍ക്കാര്‍ തന്ന ഉറപ്പുകളിലെ പുരോഗതിയെ കുറിച്ച് വിലയിരുത്താന്‍ കിസാന്‍ മോര്‍ച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും.