തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ അട്ട; വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഭീഷണിയെന്ന് പരാതി

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. ക്ഷേത്രത്തിൽ നിന്നും ലഭിച്ച പ്രസാദത്തിൽ അട്ടയെ ലഭിച്ചെന്ന പരാതിയുമായി ചന്തു എന്ന ഒരു വിശ്വാസിയാണ് രംഗത്തെത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

വാറങ്കൽ സ്വദേശിയായ ചന്തു എന്ന വിശ്വാസിയാണ് ആരോപണവുമായി രംഗത്തെത്തിയത്. പ്രസാദത്തിൽ അട്ടയെ കണ്ടെത്തിയ ചിത്രമാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്. ഒപ്പം ഒരു കുറിപ്പും ഉണ്ട്. എൻ്റെ പേര് ചന്തു, ഞാൻ തല മൊട്ടയടിച്ച ശേഷം ഉച്ചഭക്ഷണത്തിന് പോയി. അന്നപ്രസാദം കഴിക്കുന്നതിനിടെ ചോറിൽ നിന്ന് അട്ടയെ ലഭിച്ചു. സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഞെട്ടിക്കുന്ന പ്രതികരണമാണ് ഉണ്ടായതെന്നും ചന്തു പോസ്റ്റിൽ പറയുന്നു.

വിളമ്പാൻ ഉപയോഗിച്ച ഇലയിൽ നിന്നാണ് അട്ട വന്നതെന്നാണ് അവർ അവകാശപ്പെടുന്നത്. ഈ അശ്രദ്ധ അംഗീകരിക്കാനാവില്ല. കുട്ടികളോ മറ്റുള്ളവരോ മലിനമായ ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയുണ്ടാകുമായിരുന്നു എങ്കിൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന് ചന്തു ചോദിക്കുന്നു. അതേസമയം സംഭവം പുറത്തറിഞ്ഞതോടെ ക്ഷേത്രജീവനക്കാർ അപമാനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായും ചന്തു കുറിച്ചു.

അതേസമയം തിരുമല തിരുപ്പതി ദേവസ്ഥാനം ഈ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. പ്രസാദത്തിൽ അട്ടയെ കണ്ടെന്നുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നാണ് ടിടിഡി പറയുന്നത്. ദിവസവും ആയിരക്കണക്കിന് ഭക്തർക്ക് പ്രസാദം നൽകുന്നുണ്ടെന്നും അതിൽ പ്രാണികൾ അകപ്പെടുക എന്നത് ഒരിക്കലും സംഭവിക്കില്ലെന്നുമാണ് ടിടിഡി പറയുന്നത്. ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനും ഭക്തരുടെ വികാരം വ്രണപ്പെടുത്താനുമുള്ള ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നും ടിടിഡി പറഞ്ഞു. ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ വാർത്തകളിൽ വിശ്വസിക്കരുതെന്ന് അഭ്യർത്ഥിക്കുന്നതായും ടിടിഡി പറഞ്ഞു.