ഹോസ്റ്റല്‍ ഫീസ് വെട്ടിക്കുറച്ച നടപടി തട്ടിപ്പ്; ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ല

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) യിലെ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധന വെട്ടിക്കുറിച്ച നടപടി തട്ടിപ്പെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

ഒക്ടോബര്‍ നാലിന് സര്‍വകലാശാല പുറത്തിറക്കിയ ഹോസ്റ്റല്‍ മാനുവലില്‍ മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. കൂടാതെ ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും ചെയ്യണമെന്നും തീരുമാനിച്ചിരുന്നു. ഇതിനെതിരെ എ.ബി.വി.പി ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അവസാന നിമിഷമാണ് എ.ബി.വി.പി വിദ്യാര്‍ത്ഥി സമരത്തിനോട് ഐക്യപ്പെട്ടത്.

എന്നാല്‍ ജെ.എന്‍.യു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പുതിയ തീരുമാന പ്രകാരം കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 100 രൂപയും ഒരാള്‍ താമസിക്കുന്ന റൂമിന് 200 രൂപയും ആയാണ് കുറച്ചത്. പക്ഷെ ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കണം എന്ന തീരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

പുതിയ ഫീസ് ഘടന

Rent Old fee Fee announced earlier New fee

Single room seater Rs 20 Rs 600 Rs 200

Double room seater Rs 10 Rs 300 Rs 100

Security deposit for mess Rs 0 Rs 5,500 Rs 5,500

Utility charges Rs 0 Rs 1,700 Rs 1,700

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ജെ.എന്‍.യു) യിലെ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധന ജെഎന്‍യു എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാഗികമായി പിന്‍വലിച്ചതായി വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ട്വിറ്ററില്‍ അറിയിച്ചു. സാമ്പത്തികമായി ദുര്‍ബലരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി ഒരു അധിക പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“”ജെഎന്‍യു എക്‌സിക്യൂട്ടീവ് കമ്മിറ്റി ഹോസ്റ്റല്‍ ഫീസിലും മറ്റ് വ്യവസ്ഥകളിലും പ്രധാന മാറ്റം പ്രഖ്യാപിക്കുന്നു. ഇഡബ്ല്യുഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായത്തിനായി ഒരു പദ്ധതിയും നിര്‍ദ്ദേശിക്കുന്നു. ഇനി ക്ലാസുകളിലേക്ക് മടങ്ങാനുള്ള സമയം,”” അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.