ഇന്ത്യയുടെ വികസനയാത്രയിൽ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് വനിത സംവരണ ഭേഗതി ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമാകാൻ അതു കൂടി വേണമെന്നും സുപ്രധാന മാറ്റത്തിന്റെ സമയമാണ് ഇതെന്നും മോദി പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാഷ്ട്രീയവും ദിശയും മാറ്റി മറയ്ക്കുന്ന ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതം എന്നത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല നയരൂപീകരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണത്തെ എതിർത്തവരോട് രാജ്യത്തെ സ്ത്രീകൾ ഒരിക്കലും ക്ഷമിക്കില്ല. വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് സംവരണം നൽകാനുള്ള ഈ സുപ്രധാന അവസരം എംപിമാരായ നാം ആരും പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്തുകളിൽ വനിത സംവരണം നൽകുന്നതിൽ ആർക്കും എതിർപ്പില്ലായിരുന്നു. സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും. താൻ ഏറ്റവും പിന്നാക്ക വിഭാഗത്തിൽ നിന്നാണ് വരുന്നതെങ്കിലും എല്ലാവരെയും ഒപ്പം കൊണ്ടുപോകുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയത്തെയും ബന്ധിപ്പിച്ചതിനെ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ചോദ്യംചെയ്തു. മണ്ഡല പുനർനിർണയം പിൻവാതിലിലൂടെ നടപ്പാക്കാനായി വനിതാ സംവരണ ബില്ലിനെ സർക്കാർ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് എംപി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണത്തെ കോൺഗ്രസ് എല്ലായ്‌പ്പോഴും അനുകൂലിക്കുന്നുണ്ട്. എന്നാൽ, വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയത്തെ കേന്ദ്രം ഒരു ആയുധമായി ഉപയോഗിക്കുകയാണ്. ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകർക്കുകയാണ് ചെയ്യുന്നത്.
നിലവിലെ ലോക്‌സഭ സീറ്റുകൾ അടിസ്ഥാനമാക്കി വനിതാ സംവരണം നടപ്പാക്കണമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. വനിതാ സംവരണത്തെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കരുതെന്നും കോൺഗ്രസ് എംപി ചൂണ്ടിക്കാട്ടി. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കാനും മണ്ഡല പുനർനിർണയത്തിനുമായുള്ള ബില്ലുകളിന്മേൽ പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം മുന്നോട്ടുവച്ച മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകളെ എതിർക്കുന്നുവെന്നു പ്രതിപക്ഷത്ത് നിന്നും കെ.സി.വേണുഗോപാൽ ലോക്‌സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് ഈ ബില്ലുകൾ. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവൻ അറിയാമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
2023ൽ, ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ പറഞ്ഞു.
മണ്ഡല പുനർനിർണയത്തിന്റെ പേരിൽ പ്രതിപക്ഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടത്തുന്നതെന്ന് ബിജെപി എംപി തേജസ്വി സൂര്യ സഭയിൽ പറഞ്ഞു. മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രതികൂലമല്ല. നിർദിഷ്ട മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇതിനെക്കാൾ മികച്ചതൊന്ന് ലഭിക്കാനില്ലെന്നും ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.
Read more
നിലവിൽ ലോക്‌സഭയിൽ 543 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണുള്ളത്, ഈ അംഗസംഖ്യ 850 ആയി ഉയർത്താനാണ് കേന്ദ്രം ഇപ്പോൾ പദ്ധതിയിടുന്നത് സംസ്ഥാനങ്ങൾക്ക് 815 ഉം കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 ഉം ലോക്‌സഭ സീറ്റുകളാക്കാൻ. അതായത് ജനസംഖ്യാ നിയന്ത്രണം ഭംഗിയായി രാജ്യ താൽപര്യത്തിന് അനുസരിച്ച് നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ് ഈ നീക്കം. മണ്ഡല പുനർനിർണ്ണയത്തിന്റെ ഫലമായി ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ പോലുള്ള ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ ലോക്‌സഭാ സീറ്റുകൾ ലഭിക്കും. ഇതോടെ പാർലമെന്റിലെ ശക്തിയുടെ കേന്ദ്രം വ്യക്തമായി ഉത്തരേന്ത്യയിലേക്ക് മാറും. സംഖ്യകളുടെ ഈ മാറ്റം കേവലം പ്രതിനിധിത്വത്തിന്റെ കാര്യമല്ല; അത് സാമ്പത്തിക തീരുമാനങ്ങളുടെ ദിശ തന്നെ നിർണ്ണയിക്കുന്നതാണ്.







