ട്രാക്കില്‍ ഇറങ്ങി നിന്നവര്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറി; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

ആന്ധ്രാപ്രദേശില്‍ ട്രെയിനിടിച്ച് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ട്രെയിന്‍ ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ പാളത്തില്‍ ഇറങ്ങി നിന്ന യാത്രക്കാരാണ് മരിച്ചത്.

സെക്കന്തരാബാദ് ഗുവാഹത്തി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ യാത്രക്കാരാണ് പുറത്തിറങ്ങി നിന്നത്. പാളത്തില്‍ നില്‍ക്കുകയായിരുന്ന ഇവരെ കൊണാര്‍ക് എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.

ഗുവാഹത്തി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ ചെയിന്‍ ആരോ വലിച്ച് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ ഇറങ്ങി ട്രാക്ക് മുറിച്ചു കടക്കുമ്പോള്‍ തൊട്ടടുത്ത ട്രാക്കിലൂടെ എതിര്‍ദിശയില്‍ വരികയായിരുന്ന കൊണാര്‍ക്ക് എക്സ്പ്രസ് ഇടിച്ച് യാത്രക്കാര്‍ മരിക്കുകയായിരുന്നുവെന്നുമാണ് ശ്രീകാകുളം പോലീസ് സൂപ്രണ്ട് പറയുന്നത്.

മരിച്ചവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുമെന്നും പോലീസ് അറിയിച്ചു. അപകടത്തില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പരിക്കേറ്റവർക്ക് ശരിയായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം ജില്ലാ അധികാരികൾക്ക് നിർദേശം നൽകി.