അമിതവേഗതയിൽ വന്ന കാർ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്

മധ്യപ്രദേശിലെ ഭോപ്പാലിൽ ശനിയാഴ്ച വൈകിട്ട് ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ അമിതവേഗതയിൽ വന്ന കാർ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ഒരു കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഡ്രൈവറെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

ബെംഗളൂരുവിൽ നിന്ന് ഇൻഡോറിലേക്ക് പോവുകയായിരുന്ന പ്രതി ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനു സമീപം ഭക്ഷണം കഴിക്കുന്നതിനായി കാർ നിർത്തി. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഒരാളെ കാർ ഇടിക്കുകയും അയാൾ അക്രമാസക്തനായി കാറിന്റെ ചില്ല് ഉടയ്ക്കുകയും ചെയ്തു. പരിഭ്രാന്തനായ പ്രതി വണ്ടി പിന്നോട്ട് നിയന്ത്രണമില്ലാതെ എടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഒരാൾ പകർത്തിയ വീഡിയോയിൽ, കാർ അതിവേഗത്തിൽ റിവേഴ്സ് ചെയ്യുന്നതായി കാണാം. അതേസമയം ആളുകൾ വാഹനത്തിന്റെ പാതയിൽ നിന്ന് മാറി സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു 16 വയസുകാരനെ കാർ വലിച്ചിഴച്ചുവെന്നും ഇദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും പറയപ്പെടുന്നു.

ഭോപ്പാൽ റെയിൽവേ സ്റ്റേഷന് പുറത്ത് റോഡിൽ ദുർഗാ വിഗ്രഹ നിമജ്ജനത്തിന്റെ ഘോഷയാത്ര മുന്നോട്ട് പോകുമ്പോഴാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഹെഡ് കോൺസ്റ്റബിളിന്റെ കാലിനും ചെറിയ പരിക്കുകളുണ്ടെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച നടക്കുന്ന ഇത്തരത്തിൽ ഉള്ള രണ്ടാമത്തെ സംഭവമാണിത്. ഛത്തീസ്ഗഡിൽ, ജഷ്പൂർ ജില്ലയിൽ നിമജ്ജനത്തിനിടെ കാറിടിച്ച് ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.