പിണറായി സർക്കാർ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്, കുറ്റവാളികളെ സംരക്ഷിക്കുകയാണ്: ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്

ബിജെപി നേതാവും ഒബിസി മോർച്ച കേരള സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസ് ഞായറാഴ്ച ആലപ്പുഴയിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രഞ്ജിത്തിന്റെ മരണത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് തിങ്കളാഴ്ച സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പിണറായി സർക്കാർ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്നും കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ബിജെപി നേതാക്കളും പ്രവർത്തകരും വൻതോതിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്ത് 200 ബിജെപി നേതാക്കളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു. “കേരളത്തിൽ ക്രമസമാധാനമില്ല,” കേന്ദ്ര മന്ത്രി പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

അതേസമയം ആലപ്പുഴയില്‍ ഇന്ന് നടത്താനിരുന്ന സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റി. നാളെ നാല് മണിക്കാണ് യോഗം ചേരുക. രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി എന്നും കൂടിയാലോചനയില്ലാതെയാണ് ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചതെന്നും ചൂണ്ടിക്കാട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം നാളേയ്ക്ക് മാറ്റിയത്.

Read more

എസ്ഡിപിഐ പ്രവർത്തകൻ കെ.എസ് ഷാനിന്റെയും ബിജെപി പ്രവർത്തകൻ രഞ്ജിത് ശ്രീനിവാസന്റെയും തുടർച്ചയായ കൊലപാതകങ്ങൾ ആലപ്പുഴ ജില്ലയെ നടുക്കിയിരിക്കുകയാണ്. കൊലപാതകത്തെ തുടർന്ന് പൊലീസ് ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.