ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ; വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

വ്യാഴാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് പ്രഖ്യാപനം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് വനിതാ സംവരണ ബില്ല് എന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. ഈ തീരുമാനം ഇന്ത്യയുടെ ഭാവി മാറ്റും എന്നും മോദി പറഞ്ഞു. 2023ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023ലെ മാതൃകയിൽ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.