'സുള്ളി ഡീല്‍സ്' ആപ്പിന്റെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ചിരുന്ന ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിന്റെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. സുള്ളി ഡീല്‍സ് നിര്‍മിച്ച ഓംകാരേശ്വര്‍ ഠാക്കുറാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് ഇയാളെ പിടികൂടിയത്.

സുള്ളി ഡീല്‍സ് ആപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്. സുള്ളി ഡീല്‍സിന് സമാനമായി അടുത്തിടെ ബുള്ളി ബായ് എന്നൊരു ആപ്പും മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയുന്നു. ഇതിനെതിരെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബുള്ളി ബായ് ആപ്പിന്റെ നിര്‍മ്മാതാവായ നീരജ് ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുള്ളി ഡീല്‍സ് നിര്‍മിച്ച ഓംകാരേശ്വര്‍ ഠാക്കുറിനെ പിടികൂടിയത്.

ബിസിഎ വിദ്യാര്‍ത്ഥിയാണ് ഓംകാരേശ്വര്‍ ഠാക്കുര്‍. താനാണ് സുള്ളി ഡീല്‍സ് നിര്‍മിച്ചത് എന്ന് ഇയാള്‍ സമ്മതിച്ചു എന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഓംകാരേശ്വര്‍ വെളിപ്പെടുത്തി. 2021 ജൂലൈയിലാണ് ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമില്‍ പ്രമുഖരായ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ച ആപ്പ് നിര്‍മ്മിക്കപ്പെട്ടത്.

Read more

ബുള്ളി ബായ് ആപ്പ് കേസില്‍ മുഖ്യ സൂത്രധാരനായ നീരജ് ബിഷ്‌ണോയ് അടക്കം നാല് പേരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ശ്വേത സിംഗ്, മായങ്ക് റാവല്‍, വിശാല്‍ കുമാര്‍ ഝാ എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍.