തൂണില്‍ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചു കീറി; 12 പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

പശുവിനെ ഇരയാക്കി നല്‍കി സിംഹത്തെ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഗുജറാത്ത് വനം വകുപ്പ് 12 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പശുവിനെ തൂണില്‍ കെട്ടിയിട്ട് സിംഹത്തെ ആകര്‍ഷിക്കുകയായിരുന്നു. തൂണില്‍ കെട്ടിയിട്ടിരിയ്ക്കുന്ന് പശുവിനെ സിംഹം കടിച്ച് കീറി തിന്നുന്ന കാഴ്ച്ച കാണാനായി നിരവധി ആളുകള്‍ എത്തിയിരുന്നു.

സിംഹങ്ങളുടെ പേരില്‍ പ്രസിദ്ധമായ ഗിര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗവും സാസന്‍ ഗിര്‍ എന്ന പേരില്‍ അറിയപ്പെടുന്നതുമായ ദേവാലിയ പ്രദേശത്ത് നവംബര്‍ എട്ടിനാണ് മൃഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള നിയമ വിരുദ്ധമായ ഈ പ്രദര്‍ശനം നടന്നത്.

ഒരു ഏഷ്യന്‍ സിംഹം തൂണില്‍ കെട്ടിയിട്ടിരിയ്ക്കുന്ന പശുവിനെ കടിച്ച് കീറി തിന്നുന്ന കാഴ്ച്ച കാണാന്‍ ആളുകള്‍ ഒത്തുകൂടിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പിന്റെ നടപടി.

നിയമവിരുദ്ധമായായിരുന്നു ഈ പ്രദര്‍ശനമെന്നും സിംഹത്തെ ആകര്‍ഷിക്കാനായി സംഘാടകന്‍ പശുവിനെ ഒരു ഇരയായി ഉപയോഗിക്കുകയായിരുന്നു എന്നും ജുനാഗഡ് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ എസ്.കെ ബെര്‍വാള്‍ പറഞ്ഞു. സംഭവത്തില്‍ അജ്ഞാതരായ 12 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതര്‍ക്കെതിരെ വന്യജീവി സംരക്ഷണം നിയമത്തിലെ വേട്ടയാടല്‍ (സെക്ഷന്‍ 9) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഏതെങ്കിലും ജീവിയെ ബലികൊടുത്തു കൊണ്ട് സിംഹത്തെ ആകര്‍ഷിയ്ക്കുന്നതും ഷോ നടത്തുന്നതും ശിക്ഷാര്‍ഹമാണ്. കേസിലെ മുഖ്യപ്രതിയെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ബെര്‍വാള്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം ഇതേ രീതിയില്‍ പ്രദര്‍ശനം നടത്തിയതിന് ഗിര്‍ സോമനാഥ് കോടതി ആറ് പേരെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ആ സംഭവത്തില്‍ കോഴിയെ കെട്ടിയിട്ടായിരുന്നു സിംഹത്തെ ആകര്‍ഷിച്ചത്.