തിരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയാകും മുന്‍പ് യോഗം വിളിച്ച് ഇന്ത്യ സഖ്യം; മുന്നണിയിലും കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടേക്കും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യോഗം വിളിച്ച് ഇന്ത്യ മുന്നണി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ച ഡല്‍ഹിയിലാണ് യോഗം ചേരുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ തെലങ്കാനയിലും ഛത്തീസ്ഗഢിലും മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാനാകുക.

അതേ സമയം നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പെടെ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞേക്കും. മധ്യപ്രദേശിലെ ബിജെപിയുടെ വിജയം കോണ്‍ഗ്രസിന്റെ കെടുകാര്യസ്ഥതയായി ആരോപിക്കാനാണ് സാധ്യത. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടിയെ പോലും കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ഒപ്പം നിറുത്താത്തതിരുന്നത് കോണ്‍ഗ്രസിന് ലഭിച്ച തിരിച്ചടിക്ക് ആക്കം കൂട്ടിയത്.

ഇന്ത്യ മുന്നണി യോഗത്തില്‍ ഇത് സംബന്ധിച്ച് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരാനാണ് സാധ്യത. നിലവില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി ബഹുദൂരം മുന്നിലാണ്. രാജസ്ഥാനില്‍ 116 സീറ്റില്‍ ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന് 67 സീറ്റുകളില്‍ മാത്രമാണ് ലീഡ്. മധ്യപ്രദേശില്‍ 162 സീറ്റുകളില്‍ താമര വിടരുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രതാപം 65 സീറ്റുകളിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ്.