ഷോര്‍ട്ട്‌സ് ധരിച്ചതിന് പെണ്‍കുട്ടികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു, ആറ് പേര്‍ അറസ്റ്റില്‍

പൂനെയില്‍ ഷോര്‍ട്ട്സ് ധരിച്ചതിന് മൂന്ന് പെണ്‍കുട്ടികളെ മര്‍ദ്ദിച്ച ആറ് പേര്‍ അറസ്റ്റിലായി. ഒരു സ്ത്രീ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച രണ്ടിന് ഖരാടിയില്‍ രക്ഷാനഗര്‍ ഏരിയയിലായിരുന്നു സംഭവം. പേയിങ് ഗസ്റ്റായി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മൂന്ന് പെണ്‍കുട്ടികളാണ് മര്‍ദ്ദനത്തിന് ഇരയായത്. പെണ്‍കുട്ടികള്‍ ഷോര്‍ട്ട്‌സ് ധരിച്ച് പ്രദേശത്ത് കൂടി കറങ്ങി നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

തുടര്‍ന്ന് വാടക വീടിന്റെ ഉടമസ്ഥ വ്യാഴാഴ്ച ചന്ദന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതിക്രമിച്ചുകടക്കുക, മുറിവേല്‍പ്പിക്കുക, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വീടിന്റെ ഉടമസ്ഥരും പ്രതികളും തമ്മില്‍ മുമ്പ് വേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഷോര്‍ട്ട്സ് ധരിച്ച് പ്രദേശത്ത് കറങ്ങിനടന്നതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടികളെ ചെരുപ്പുകൊണ്ട് മര്‍ദ്ദിക്കുകയും, പരാതിക്കാരിയെ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതില്‍ പറയുന്നു. വീട് തല്ലിപ്പൊളിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.

സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലീസ് പരിശോധിച്ചിരുന്നു. ഐപിസി 448, 323, 504, 506, 143, 147, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.