'പെൺകുട്ടിയും അമ്മയും സഹായം തേടി വന്നിരുന്നു'; പോക്സോ കേസിൽ പ്രതികരിച്ച് യെദ്യൂരപ്പ

പോക്സോ കേസിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. ഒന്നര മാസം മുൻപ് പെൺകുട്ടിയും അമ്മയും സഹായം തേടി തന്നെ കാണാൻ എത്തിയിരുന്നുവെന്നും പൊലീസ് കമ്മീഷണറെ വിളിച്ച് ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ആകുമോ എന്ന് താൻ അന്വേഷിച്ചിരുന്നു. അത് ഇത്തരം ഒരു കേസ് ആകുമെന്ന് താൻ കരുതിയില്ലെന്നാണ് യെദ്യൂരപ്പ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.

‘ഒരു മാസം മുമ്പാണ് ഇവർ തന്നെ കാണാൻ വന്നത്. ആദ്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അവർ കരയുകയാണെന്ന് പറഞ്ഞപ്പോഴാണ് കാണാൻ കൂട്ടാക്കിയത്. പൊലീസ് കമ്മീഷണറെ വിളിച്ച് സഹായം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു. അതിന് ശേഷമാണ് ഇവർ തനിക്കെതിരെ ആരോപണമുന്നയിച്ചത്’-വാർത്താക്കുറിപ്പിൽ പറയുന്നു.

Read more

വീട്ടിൽ സഹായം ചോദിച്ചെത്തിയ 17 കാരിയോട് മോശാമായി പെരുമാറിയെന്നാണ് യെദ്യൂരപ്പക്കെതിരെ പരാതി. പോക്‌സോ, 354 (എ) ഐപിസി പ്രകാരം ബെംഗളൂരു സദാശിവനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിൽ എത്തിയ പെൺകുട്ടിയോട് അശ്‌ളീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതിയിൽ ഉള്ളത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.