ലഹരിപ്പുറത്തേറി വന്ന വരന്‍; വിവാഹ വേദിയ്ക്ക് മുന്നില്‍ മദ്യം, പിന്നില്‍ കഞ്ചാവ്; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

കുതിരപ്പുറത്തെത്തുന്ന വരന്‍ ഉത്തരേന്ത്യന്‍ വിവാഹ ചടങ്ങുകളിലെ പതിവ് കാഴ്ചയാണ്. എന്നാല്‍ ലഹരിപ്പുറത്തേറി വന്ന വരന്റെ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വരന്‍ വിവാഹ ചടങ്ങിന് മദ്യപിച്ചെത്തുകയും തുടര്‍ന്ന് വേദിയുടെ പിന്നില്‍ നിന്ന് കഞ്ചാവ് വലിക്കുകയും ചെയ്തതോടെ വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സിറ്റി കോട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫട്ടുപൂര്‍ സ്വദേശി ഷീലാ ദേവിയുടെ മകള്‍ പിങ്കിയാണ് ജൗന്‍പൂര്‍ ജില്ലയിലെ ജയറാംപൂര്‍ സ്വദേശി ഗൗതമുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ബുധനാഴ്ച രാത്രിയെത്തിയ വിവാഹ ഘോഷയാത്രയിലും വരന്‍ അമിതമായി മദ്യപിച്ചിരുന്നു.

തുടര്‍ന്ന് ഗൗതം സ്റ്റേജില്‍ നിന്ന് അസഭ്യം പറഞ്ഞതായും വധുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. വരന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട് ബന്ധുക്കള്‍ വേദിയിലേക്ക് എത്തിയപ്പോള്‍ വരന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ഇയാള്‍ വേദിയുടെ പിന്നില്‍ നിന്ന് കഞ്ചാവ് വലിച്ചതായും പിങ്കിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇതേ തുടര്‍ന്നാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ശേഷം വരനെയും പിതാവിനെയും വധുവിന്റെ ബന്ധുക്കള്‍ ബന്ദികളാക്കി. വിവാഹ ആവശ്യങ്ങള്‍ക്കായി എട്ട് ലക്ഷം രൂപ തങ്ങള്‍ക്ക് ചെലവായെന്നും അത് തിരികെ നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പൊലീസ് സംഭവം ഒത്തുതീര്‍പ്പിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വധു തന്റെ നിലപാടില്‍ ഉറച്ച് നിന്നു.