രാജ്യത്തെ പ്രതിപക്ഷം ചിതറിപ്പോയിരിക്കുന്നു; അടുത്ത 40 വര്‍ഷം ബി.ജെ.പിയുടെ കാലമെന്ന് അമിത് ഷാ

രാജ്യത്തെ പ്രതിപക്ഷം ചിതറിപ്പോയിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് കുടുംബാധിപത്യവും പ്രീണന രാഷ്ട്രീയവും അവസാനിച്ചു. ഇനി അടുത്ത് 40 വര്‍ഷം ബിജെപിയുടെ കാലമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെലങ്കാനയിലെയും പശ്ചിമ ബംഗാളിലെയും കുടുംബവാഴ്ച അവസാനിപ്പിക്കും. ഇരു സംസ്ഥാനങ്ങളിലും ബിജെപ സര്‍ക്കാര്‍ രൂപീകരിക്കും. ഒരു കുടുംബത്തിന്റെ മാത്രം പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവിടെ പാര്‍ട്ടിക്കകത്ത് ജനാധിപത്യത്തിനായി അംഗങ്ങള്‍ പരസ്പരം പോരടിക്കുകയാണ്. പാര്‍ട്ടിയുടെ നിയന്ത്രണം കുടുംബത്തിന്റെ കയ്യില്‍ നിന്നും നഷ്ടമായേക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാത്തതെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസിന് മോദി ഫോബിയയാണ്. രാജ്യത്തിന് വേണ്ടി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും അവര്‍ എതിര്‍ക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് , കശ്മീരിലെ 370, വാക്‌സിനേഷന്‍. രാമക്ഷേത്രം തുടങ്ങിയവയെല്ലാം കോണ്‍ഗ്രസ് എതിര്‍ത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനുച്ഛേദം 370 റദ്ദാക്കിയതോടെ ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിമാറി. മോദി പ്രധാനമന്ത്രി ആയപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും അതിര്‍ത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അടുത്ത 40 വര്‍ഷം ബിജെപിയുടെ കാലമാണ്. ബിജെപി ഭരണത്തില്‍ ഇന്ത്യ ലോകത്തിനു മുമ്പില്‍ വിശ്വ ഗുരു ആകും. ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റാന്‍ കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും 30 വര്‍ഷമെങ്കിലും ബിജെപി അധികാരത്തില്‍ തുടരേണ്ടതുണ്ട്. കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ബിജെപിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഒരു പ്രാവശ്യം ദളിത് വിഭാഗത്തില്‍ നിന്നും ഒരു തവണ ആദിവാസി വനിതാ വിഭാഗത്തില്‍ നിന്നുമാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തത്. ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയ എന്‍ഡിഎയുടെ തീരുമാനം ചരിത്രപരമാണെന്നും അമിത് ഷാ പറഞ്ഞു.