കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം, ആവശ്യങ്ങള്‍ അംഗീകരിച്ചേക്കും

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാസാക്കിയതിന് പിന്നാലെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചെങ്കിലും കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തികളില്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ഷക നേതാക്കളെ വിളിച്ചത്. സിംഖുവില്‍ ചേര്‍ന്ന യോഗത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച സര്‍ക്കാരുമായി ചര്‍ച്ച നടത്താനുള്ള അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാളെ യോഗം ചേരുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാത്തലത്തില്‍ കര്‍ഷക സമരം സര്‍ക്കാരിന് തിരിച്ചടിയാകുമെന്നത് മുന്നില്‍ കണ്ടാണ് കര്‍ഷകരെ അനുനയിപ്പിക്കാനുള്ള നീക്കം. കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്ന് അമിത് ഷാ വെള്ളിയാഴ്ച രാത്രി കര്‍ഷക നേതാക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് അഞ്ചംഗ സമിതി കൃഷി മന്ത്രാലയ വൃത്തങ്ങളുമായി ഇന്നലെ ആശയവിനിമയം നടത്തിയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. കര്‍ഷക നേതാക്കളായ ബല്‍ബീര്‍ സിങ് രാജെവാള്‍, അശോക് ധാവ്‌ലെ, ശിവ് കുമാര്‍ കാക്ക, ഗുര്‍ണാം സിങ് ചടുനി, യുധ്‌വീര്‍ സിങ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം. ലംഖിപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകരെ വണ്ടി കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രിയെ സഭയില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് മേല്‍ ചുത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കുക, വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, ഡല്‍ഹി വായു ഗുണനിലവാര നിയന്ത്രണ കമ്മിഷന്‍ ഉത്തരവിലെ കര്‍ഷക വിരുദ്ധ വകുപ്പ് റദ്ദാക്കുക എന്നിങ്ങനെ ആറ് ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ വയ്ക്കുക. കര്‍ഷകര്‍ക്കെതിരായ കേസുകളില്‍ അനുഭാവപൂര്‍വ്വമായ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. വിഷയത്തില്‍ സര്‍ക്കാരുമായി ധാരണയിലെത്തിയാല്‍ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചേക്കും. എന്നാല്‍ കേന്ദ്രവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുവെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിന് ശേഷമാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇതു സംബന്ധിച്ച ഒറ്റ ബില്‍ കേന്ദ്ര കൃഷി മന്ത്രി ലോകസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. സഭയില്‍ യാതൊരു ചര്‍ച്ചയും കൂടാതെ ബില്‍ പാസാക്കിയത് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായിരുന്നു. കര്‍ഷകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ക്ക് ഔദ്യോഗികമായി മറുപടി ലഭിക്കാത്തത് കൊണ്ട് സമരവുമായി മുന്നോട്ട് പോകുമെന്ന് കിസാന്‍ മോര്‍ച്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം കര്‍ഷകരുമായി കൂടിയാലോചന നടത്തുന്നത്.