ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി

ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഗൂഢാലോചന നടത്തിയതിന് തെളിവുകളില്ലെന്ന് ബോംബെ ഹൈക്കോടതി ഇന്ന് പുറത്തിറക്കിയ ജാമ്യ ഉത്തരവിൽ പറഞ്ഞു. ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് സംഭാഷണങ്ങളിൽ ആക്ഷേപകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു.

“കുറ്റാരോപിതർ നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തി എന്ന് ഈ കോടതിയെ ബോധ്യപ്പെടുത്താൻ മതിയായ തെളിവുകളൊന്നും രേഖകളിലില്ല,” ഉത്തരവിൽ പറയുന്നു.

“ആര്യൻ ഖാനും അർബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഒരേ കപ്പലിൽ യാത്ര ചെയ്തതു എന്നത് അവർക്കെതിരായ ഗൂഢാലോചന കുറ്റത്തിന് അടിസ്ഥാനമാകാൻ കഴിയില്ല,” പ്രതികൾക്ക് ജാമ്യം നൽകിയതിന് പിന്നിലെ കാരണം കോടതി വിശദീകരിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയ കുറ്റസമ്മത മൊഴികളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് (എൻസിബി) ആശ്രയിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.