ബാലറ്റ് പെട്ടി നിരീക്ഷിക്കാന്‍ 'വാച്ച് ടവര്‍' കെട്ടി ബി.ജെ.പി, രണ്ട് ഷിഫ്റ്റായി ഡ്യൂട്ടി

ഒഡിഷയില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയായതോടെ ബാലറ്റ് പെട്ടി നിരീക്ഷിക്കാന്‍ പുതിയ നീക്കവുമായി ബി.ജെ.പി. ബാലറ്റ് പെട്ടികള്‍ നിരീക്ഷിക്കാനായി മുളകൊണ്ട് വാച്ച് ടവറുകള്‍ നിര്‍മ്മിച്ച് കാവലിരിക്കുകയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍. ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബി.ജെ.ഡി) കൃത്രിമം കാണിക്കുമെന്ന ഭയത്തിലാണ് ടവര്‍ നിര്‍മ്മിച്ച് ഉയരത്തില്‍ ഇരുന്നുള്ള നിരീക്ഷണം.

ഹരിചന്ദന്‍പൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സ്ട്രോങ് റൂം. ബാലറ്റ് പെട്ടി സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം കാണാന്‍ സാധിക്കുന്ന വിധത്തിലാണ് 20 അടി ഉയരവും 10 അടി വീതിയുമുള്ള വാച്ച് ടവര്‍ ഉള്ളത്. ഒരേ സമയ അഞ്ച് പേരുടെ ഭാരം താങ്ങാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് പുറമേ അമ്പത് പ്രവര്‍ത്തകര്‍ താഴെയും നിലയുറപ്പിച്ചിട്ടുണ്ട്.

പ്രവര്‍ത്തകരുടെ ഡ്യൂട്ടി സമയം രണ്ട് ഷിഫ്റ്റുകളായി തിരിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പ് പകല്‍ സമയങ്ങളിലും, മറ്റൊരു ഗ്രൂപ്പ് രാത്രിയിലുമായി സ്ട്രോങ് റൂം നിരീക്ഷിക്കും.

ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന മുറിക്ക് മുന്നില്‍ വെള്ള തുണി കെട്ടിയതിനാല്‍ താഴെ നിന്ന് സ്ട്രോങ് റൂം കാണാന്‍ ബുദ്ധിമുട്ടാണ്. അതിനാലാണ് കൃത്രിമം നടക്കുന്നുണ്ടോ എന്ന് 24 മണിക്കൂറും നിരീക്ഷിക്കാനായി വാച്ച് ടവര്‍ നിര്‍മ്മിച്ചതെന്ന് ബി.ജെ.പി ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സുശാന്ത് കുമാര്‍ മൊഹന്ത പറഞ്ഞു. വോട്ടെണ്ണല്‍ ദിവസം വരെ സ്ട്രോങ് റൂം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

25 ഗ്രാമപഞ്ചായത്തുകളിലെയും മൂന്ന് ജില്ലാ പരിഷത്ത് സോണുകളിലെയും 321 വാര്‍ഡുകളിലെയും തിരഞ്ഞെടുപ്പിന്റെ ബാലറ്റുകള്‍ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.