ജമ്മു കശ്മീരീൽ 5 തീവ്രവാദികൾ വീട്ടിൽ കയറി പ്രദേശവാസിയെ ബന്ദിയാക്കി; സൈന്യവുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

ഇന്ന് രാവിലെ ജമ്മു കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളും ഒരു ഗ്രനേഡ് ആക്രമണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജമ്മു-ശ്രീനഗർ ഹൈവേയിൽ അഞ്ച് തീവ്രവാദികൾ ഒരു പാസഞ്ചർ ബസ് നിർത്താൻ ശ്രമിച്ചപ്പോഴാണ് റംബാൻ ജില്ലയിലെ ബാറ്റോട്ടെയിൽ ആദ്യത്തെ ഏറ്റുമുട്ടൽ നടന്നത്. ഇന്ത്യൻ സൈനിക യുദ്ധവസ്ത്രം ധരിച്ചെത്തിയ തീവ്രവാദികളെ കണ്ട ബസ് ഡ്രൈവർ വണ്ടിനിർത്താതെ പാഞ്ഞു പോകുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ സേന പ്രദേശത്തെ വളഞ്ഞ് തിരച്ചിൽ നടത്തി.

പ്രദേശത്ത് തുടരുന്ന കനത്ത മഴ തിരച്ചിൽ പ്രവർത്തനം ദുഷ്കരമാക്കി. അഞ്ച് ഭീകരർ ഒരു വീട്ടിൽ പ്രവേശിച്ച് ഒരാളെ ബന്ദിയാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയും വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് ഗ്രനേഡ് എറിയുകയും ചെയ്തു. കൂടുതൽ പേരെ ബന്ദിയാക്കാനുള്ള സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

സുരക്ഷാ സേന അതീവ ജാഗ്രതയോടെയാണ് നീക്കം നടത്തുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. കീഴടങ്ങാൻ തീവ്രവാദികളോട് പറഞ്ഞിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

രണ്ടാമത്തെ ഏറ്റുമുട്ടൽ ഗാൻഡെർബലിന്റെ മുകൾ ഭാഗത്ത്, ഗുരേസിന്റെ അതിർത്തിയിൽ, നിയന്ത്രണ രേഖയ്ക്ക് സമീപമാണ്. ഒരു തീവ്രവാദിയെ വെടിവച്ചു കൊന്നു, കരസേനയുടെ നോർത്തേൺ കമാൻഡ് ട്വീറ്റ് ചെയ്തു.

വെടിവച്ച് കൊല്ലപ്പെട്ട തീവ്രവാദി നിയന്ത്രണ രേഖക്ക് സമീപത്തു നിന്നായതിനാൽ ഗുരസ് ഭാഗത്ത് നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഒരു വലിയ സംഘത്തിന്റെ ഭാഗമാകാമെന്ന് സംശയിക്കുന്നു.

മൂന്നാമത്തെ സംഭവം ശ്രീനഗർ നഗരത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് നിയന്ത്രണങ്ങൾ തിരിച്ചെത്തിയതിനാൽ റോഡിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രദേശം കൂടുതലും വിജനമായതിനാൽ ഗ്രനേഡ് ആക്രമണത്തിന്റെ ലക്ഷ്യം എവിടേക്കായിരുന്നു എന്ന് കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.