യഥാര്‍ത്ഥ ചൗക്കീദാര്‍ ആരെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് തേജ് ബഹദൂര്‍ യാദവ്

നരേന്ദ്രമോദിക്കെതിരെ പ്രചാരണം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥി തേജ് ബഹദൂര്‍ യാദവ്. യഥാര്‍ത്ഥ ചൗക്കീദാര്‍ ആരെന്ന് വാരണാസിയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്ന് തെജ് ബഹാദൂര്‍ യാദവ് പറഞ്ഞു. ജവാന്മാര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് ബി.എസ്.എഫ് പുറത്താക്കിയ ജവാന്‍ തേജ് ബഹദൂര്‍ യാദവാണ് സമാജ് വാദി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

മഹാസഖ്യത്തിനു പുറമെ ആം ആദ്മി പാര്‍ട്ടിയും തന്നെ പിന്തുണയ്ക്കുമെന്ന് തേജ് ബഹാദൂര്‍ പറഞ്ഞു. വീടുവീടാന്തരം കയറി മോദിക്കെതിരെ പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ നാട്ടുകാരെ വലയ്ക്കുകയാണ്. ആരാണ് യഥാര്‍ത്ഥ ചൗക്കീദാരെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും തേജ് ബഹദൂര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

ശാലിനി യാദവിനെ പിന്‍വലിച്ചാണ് എസ്.പി, ബി.എസ്.പി സഖ്യം തേജ് ബഹദൂറിനെ രംഗത്തിറക്കിയത്. അതേസമയം തേജ് ബഹദൂറിന് എന്തെങ്കിലും തരത്തില്‍ അയോഗ്യത വന്നാല്‍ മത്സര രംഗത്ത് ശാലിനി മത്സരിക്കും. തേജ് ബഹദൂറിനെ സ്ഥാനാര്‍ത്ഥിയാക്കി കൊണ്ടുള്ള അഖിലേഷ് യാദവിന്റെ തീരുമാനത്തെ അരവിന്ദ് കെജരിവാള്‍ അഭിനന്ദിച്ചിരുന്നു.