ടിഡിപി മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡു വ്യോമയാന മന്ത്രിയായി ചുമതലയേറ്റു. മുൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയിൽനിന്നാണ് നായിഡു ചുമതലയേറ്റെടുത്തത്. അതേസമയം വ്യോമയാന മന്ത്രാലയത്തിൻ്റെ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ആചാരാനുഷ്‌ഠാനങ്ങളുടെ ഭാഗമായ കർമങ്ങളും മന്ത്രി നടത്തി. ശുഭസമയമായി കണക്കാക്കിയ ഉച്ചയ്ക്ക് 1.11 ന് പേപ്പറിൽ 21 തവണ ‘ഓം ശ്രീറാം’ എന്ന് എഴുതുകയും ചെയ്‌തു.
മൂന്നാം മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് തെലുഗുദേശം പാർട്ടിയുടെ കിഞ്ജരാപ്പു റാം മോഹൻ നായിഡു. ആന്ധ്രയിലെ ശ്രീകാകുളം മണ്ഡലത്തിൽനിന്നും വൈഎസ്ആർ കോൺഗ്രസിൻ്റെ തിലക് പെരേഡയെ 3 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നായിഡു ലോക്‌സഭയിലെത്തിയത്. 1996ലെ വാജ്‌പേയ് സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയായിരുന്ന യെറാൻ നായുഡുവിൻ്റെ മകനാണ്.
അതേസമയം ഒരു മന്ത്രി എന്ന നിലയിൽ മാത്രമല്ല, ഉപഭോക്‌താവായിക്കൂടി മന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങളെ വീക്ഷിക്കാറുണ്ടെന്നും ചുമതല ഏറ്റെടുത്തശേഷം കിഞ്ജരാപ്പു റാം മോഹൻ നായിഡു പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്കുകൂടി സഞ്ചരിക്കാൻ സാധിക്കും വിധം നമ്മുടെ വ്യോമയാന സാധ്യതകൾ വളരേണ്ടതുണ്ട്. അതിനായി യാത്രാചെലവ് കുറയേണ്ടിയിരിക്കുന്നുവെന്നും അതിനു വേണ്ട നടപടികൾക്ക് മുൻതൂക്കം നൽകുമെന്നും കിഞ്ജരാപ്പു റാം മോഹൻ നായിഡു പറഞ്ഞു.

#WATCH | Delhi: Ram Mohan Naidu Kinjarapu takes charge as the Minister of Civil Aviation. pic.twitter.com/3LJO2XBNhk
— ANI (@ANI) June 13, 2024








