വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന കാര്യം ഉറപ്പായതുകൊണ്ടാണ് തമിഴ്നാടിനെ കേന്ദ്ര ബജറ്റിൽ അവഗണിച്ചതെന്ന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. ബജറ്റ് നിരാശാജനകമാണെന്നും സംസ്ഥാനത്തിൻ്റെ താത്പര്യങ്ങൾ പൂർണമായും അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ വർഷമെങ്കിലും ബി.ജെ.പി. സർക്കാരിൻ്റെ കണ്ണുകളിൽ തമിഴ്‌നാട് തെളിഞ്ഞു കാണുമെന്നും ഞങ്ങളുടെ ശബ്ദം അവരുടെ ചെവികളിൽ എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകൾ തകർത്ത് കേന്ദ്ര സർക്കാർ പകരം വലിയ നിരാശയാണ് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു.
ദരിദ്രർക്കും സ്ത്രീകൾക്കും കർഷകർക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രയോജനകരമായ പ്രധാന പദ്ധതികളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്‌നാടിനായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കാത്തതിലും പ്രധാന പദ്ധതികളുടെ തടഞ്ഞു വെച്ച ഫണ്ടുകൾ വിതരണം ചെയ്യാത്തതിലും അദ്ദേഹം കേന്ദ്രത്തെ വിമർശിച്ചു.







