തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളെ ബാധിക്കും

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ശമ്പള പരിഷ്കരണം ഉൾപ്പടെ ആറിന ആവശ്യങ്ങൾ പൊങ്കലിന് മുൻപ് അംഗീകരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് പണിമുടക്ക് ആരംഭിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തേക്കും ഉള്ളതുൾപ്പെടെ ദീർഘദൂര ബസുകൾ അടക്കം സർവീസ് നടത്തുന്നില്ല.

കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു, എഐഎഡിഎംകെ യൂണിയൻ ആയ എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്. അതേസമയം ഡിഎംകെ അനുകൂല യൂണിയനായ എൽപിഎഫ്, എഐടിയുസി തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല.

എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത പെൻഷൻകാർക്ക് അനുവദിക്കണമെന്നതാണ് സമര സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. സർവീസിലുള്ളവർക്ക് പൊങ്കലിന് മുമ്പ് പെൻഡിംഗ് ഡിഎ അനുവദിക്കുക, 15-ാം വേതന പരിഷ്കരണ ഉടമ്പടി പ്രകാരം വർധിപ്പിച്ച വേതനം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കുക എന്നിവയാണ് യൂണിയനുകളുടെ മറ്റ് ആവശ്യങ്ങൾ.

ഇന്ന് ജോലിക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കായി 21,000 പൊലീസുകാരെ നിയോഗിച്ചിരിക്കയാണ് സർക്കാർ. ജനുവരി 15ന് പൊങ്കൽ പ്രമാണിച്ച് 19,000 ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എസ്എസ് ശിവശങ്കർ അറിയിച്ചു.