താജ്മഹല്‍ വീണ്ടും വിവാദത്തില്‍; മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

താജ്മഹലിനുള്ളില്‍ ശിവനെ പൂജിക്കുന്ന വീഡിയോ പുറത്ത്. രണ്ട് യുവാക്കള്‍ ശിവപൂജ നടത്തിയിരിക്കുന്ന വീഡിയോദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. താജ്മഹലിന് സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് .

താജ് മഹല്‍ തേജോ മഹല്‍ എന്ന ശിവ ക്ഷേത്രം നിന്നിടമാണെന്ന വാദവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു വീഡിയോ പുറത്തുവന്നിരിക്കുന്നത്. രണ്ട് യുവാക്കള്‍ ശവകുടീരത്തിനുള്ളില്‍ ശിവനെ പൂജിക്കുന്നത് മറ്റൊരു യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

രണ്ട് യുവാക്കള്‍ താജ്മഹലിനു സമീപം ചില പൂജാസാമഗ്രികള്‍ വെച്ചതായി ചില സന്ദര്‍ശകര്‍ സുരക്ഷാ ജീവനക്കാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരും താജ്മഹലിനുള്ളില്‍ വിന്യസിച്ചിട്ടുളള സി.ഐ.എസ്.എഫും വിഷയത്തില്‍ ഇടപെടുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ചിത്രീകരിച്ചതാവും ഈ വീഡിയോ എന്നാണ് കരുതപ്പെടുന്നത്.

നേരത്തെ താജ്മഹല്‍ നിര്‍മിച്ചതു രാജ്യദ്രോഹികളാണെന്നും ചരിത്രം തന്നെ മാറ്റുമെന്നും സംഘപരിവാര്‍ സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു.യുപി സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്തകത്തില്‍ നിന്ന് താജ്മഹല്‍ ഒഴിവാക്കിയതും വന്‍വിവാദമായിരുന്നു. അതിനുപിന്നാലെയാണ് താജ്മഹല്‍ നിന്നിടത്ത് ശിവക്ഷേത്രമായിരുന്നു എന്ന അവകാശവാദവുമായി ബി.ജെ.പി അനുകൂലികള്‍ എത്തിയത്.