തെലങ്കാന ബിജെപിയില്‍ വന്‍ പൊട്ടിത്തെറി; ടി രാജ സിങ് എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

തെലങ്കാന ബിജെപിയില്‍ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ടി രാജ സിങ് എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബിജെപിയുടെ തെലങ്കാന യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി എന്‍ രാമചന്ദര്‍ റാവുവിനെ പരിഗണിച്ചതോടെയാണ് ടി രാജ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പുറത്തുപോയത്.

രാം ചന്ദര്‍ റാവുവിനെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനം ഞെട്ടലും നിരാശയും ഉണ്ടാക്കിയതായി ബിജെപി തെലങ്കാന യൂണിറ്റ് പ്രസിഡന്റ് ജി കിഷന്‍ റെഡ്ഡിക്ക് അയച്ച കത്തില്‍ എംഎല്‍എ പറഞ്ഞു. തനിക്ക് മാത്രമല്ല, എല്ലാ ഉയര്‍ച്ച താഴ്ചയിലും പാര്‍ട്ടിക്കൊപ്പം നിന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ക്കും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അവമതിപ്പുണ്ടാക്കിയെന്നും രാജ സിങ് വ്യക്തമാക്കി.

Read more

നേരത്തെ തന്നെ അധ്യക്ഷസ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് ടി രാജ സിങ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണമെന്ന് അടക്കമുള്ള പ്രസ്താവനകള്‍ നടത്തി നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുള്ള ആളാണ് ടി രാജ സിങ്. തെലങ്കാനയില്‍ ബിജെപി ആദ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണെന്നും പുതിയ സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെത്തതോടെ നേര്‍ദിശയില്‍ മുന്നോട്ടാണോ സഞ്ചരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ടി രാജാ സിങ് വിമര്‍ശിച്ചു.