എം.പിമാരുടെ സസ്‌പെന്‍ഷന്‍; മാപ്പുപറയാതെ പിന്‍വലിക്കില്ലെന്ന് രാജ്യസഭാ അദ്ധ്യക്ഷന്‍, പ്രതിഷേധവുമായി പ്രതിപക്ഷം

രാജ്യസഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്ന്് നടപടി നേരിടേണ്ടി വന്ന അംഗങ്ങള്‍ മാപ്പ് പറയാതെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് രാജ്യസഭാധ്യക്ഷന്‍ എം വെങ്കയ്യ നായിഡു. 20 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ നടപടിക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് സഭാധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.

സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കില്ലെന്ന് എംപിമാര്‍ ഉറപ്പ് നല്‍കണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ജിഎസ്ടി, വിലക്കയറ്റം വിഷയങ്ങളിലായിരുന്നു എംപിമാര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ആറ് പ്രതിപക്ഷ പാര്‍ട്ടികളിലെ 20 അംഗങ്ങളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.

മലയാളികളായ വി ശിവദാസന്‍, പി. സന്തോഷ് കുമാര്‍, എ എ റഹീം എന്നിവരുള്‍പ്പടെ 19 പേരെയാണ് നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ചതിന് കഴിഞ്ഞ ദിവസം കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഏഴ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍, ആറ് ഡിഎംകെ എംപിമാര്‍, മൂന്ന് ടിആര്‍എസ് എംപിമാര്‍, രണ്ട് സിപിഎം എംപിമാര്‍, ഒരു സിപിഐ എംപി എന്നിവരും സസ്‌പെന്‍ഡ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

ഇന്നലെ ഒരു എംപിയെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനാണ് സസ്‌പെന്‍ഷന്‍. അതേസമയം പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിലക്കയറ്റത്തിനെതിരെ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ച നാല് എംപിമാരെ ലോക്സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോണ്‍ഗ്രസ് എംപിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി, മാണിക്കം ടാഗോര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അച്ചടക്കം പാലിക്കുമെന്ന് ഉറപ്പു നല്‍കിയാല്‍ ഇവരെ തിരിച്ചെടുക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.