സ്വത്തിന് വേണ്ടി മുത്തശ്ശനെ കുത്തി കൊലപ്പെടുത്തിയ പ്രതി പിടിയില്‍; വയോധികന്റെ ദേഹത്ത് 70ല്‍ ഏറെ കുത്തുകള്‍

ഹൈദരാബാദില്‍ മുത്തശ്ശനെ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ചെറുമകന്‍ കുത്തിക്കൊലപ്പെടുത്തി. വെല്‍ജന്‍ ഗ്രൂപ്പ് ഒഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകന്‍ വെലാമതി ചന്ദ്രശേഖര ജനാര്‍ദ്ദന്‍ റാവുവിനെയാണ് സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ചെറുമകന്‍ കുത്തിക്കൊലപ്പെടുത്തിയത്. വെലാമതി ചന്ദ്രശേഖര ജനാര്‍ദ്ദന്‍ റാവുവിന്റെ ശരീരത്തില്‍ 70ല്‍ ഏറെ കുത്തുകളേറ്റു.

സംഭവത്തിന് പിന്നാലെ പ്രതി കിലാരു കീര്‍ത്തി തേജയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൈവശം നിന്ന് കൊലപാതകത്തിനായി ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. റാവുവിന്റെ മകളുടെ മകനാണ് കിലാരു കീര്‍ത്തി തേജ. ആക്രമണത്തിനിടയില്‍ പരിക്കേറ്റ കീര്‍ത്തിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read more

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്വത്തിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് കീര്‍ത്തി മുത്തശ്ശനെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനുശേഷം രക്തക്കറയുള്ള വസ്ത്രങ്ങള്‍ മാറ്റി കീര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെ പഞ്ചഗുട്ട ഫ്‌ളൈ ഓവറിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.