സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ യുപി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ഹാഥരസ് കലാപ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ യുപി സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. സെപ്റ്റംബര്‍ 9 ന് ജാമ്യ ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സിദ്ദിഖ് കാപ്പന് ഒപ്പം ജാമ്യം ലഭിക്കാത്ത പ്രതികളില്‍ രണ്ട് പേരും കലാപക്കേസില്‍ പ്രതികളാണെന്നാണ് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഒരാള്‍ ഡല്‍ഹി കലാപക്കേസിലും മറ്റൊരാള്‍ ബുലന്ദ് ഷെര്‍കേസിലും പ്രതിയാണെന്നുമാണ് യുപി സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ കാപ്പന്റെ ജാമ്യ അപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് തള്ളിയിരുന്നു.

ഹാഥ്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെയും സംഘത്തെയും യു പി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പനും കൂട്ടാളികളും കള്ളപ്പണം ഉപയോഗിച്ചുവെന്ന വാദം തള്ളിക്കളയാനാകില്ലെന്ന് പറഞ്ഞാണ് അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

ഹാഥ്രസില്‍ കാപ്പന് ഒരു ജോലിയും ഇല്ലായിരുന്നുവെന്നും ഉത്തരവില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം കാപ്പന്റെ കൂട്ട് പ്രതി മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. മുഹമ്മദ് ആലം തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടതിനോ, രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചതായോ പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടില്ലെന്നാണ് ജാമ്യം അനുവദിച്ച് കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് വ്യക്തമാക്കിയത്.