ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ദളിത് കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. മതപരിവര്‍ത്തനം ദളിതരുടെ സാമൂഹിക സ്ഥിതിയില്‍ മാറ്റം കൊണ്ടുവരുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ക്രൈസ്തവ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയിട്ടുള്ള ദളിത് വിഭാഗങ്ങള്‍ക്ക് സംവരണം കിട്ടുന്നില്ല. ഇതുകൊണ്ട് ഒരാളുടെയും സാമൂഹിക സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകുന്നില്ല. സാമൂഹത്തില്‍ വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നു. ക്രൈസ്തവ വിഭാഗത്തിലെ ജാതിത്തട്ടുകള്‍ ദളിത് വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സാമൂഹിക ഉയര്‍ച്ചയ്ക്ക് നിലവില്‍ നല്‍കുന്ന സംവരണം ദളിത് ക്രൈസ്തവര്‍ക്കും ബാധകമാകണമെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.

ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ദളിത് വിഭാഗങ്ങള്‍ക്ക് മാത്രമല്ല ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ദളിത് വിഭാങ്ങള്‍ക്കും സമാന പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് നിരീക്ഷിച്ചു. അതിനാല്‍ ഇസ്ലാമിലേക്ക് മാറിയ ദളിത് വിഭാഗക്കാര്‍ക്കും ഇത് ബാധകമാകാമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത.