നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

നിര്‍ഭയ കേസിലെ നാല് പ്രതികളില്‍ പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.അതേസമയം മാര്‍ച്ച് മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി ഡല്‍ഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകും.

അതേസമയം പവന്‍ ഗുപ്തയ്ക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ദയാഹര്‍ജി സമര്‍പ്പിക്കാം. മുകേഷ് കുമാര്‍ സിംഗ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നീ മൂന്ന് പ്രതികളുടെ ദയാഹര്‍ജി ഇതിനകം രാഷ്ട്രപതി തള്ളിയിട്ടുണ്ട്.

ദയാഹര്‍ജി രാഷ്ട്രപതി നിരസിച്ചതിനെ ചോദ്യം ചെയ്ത് മുകേഷ് കുമാര്‍ സിങ്ങും വിനയ് കുമാര്‍ ശര്‍മയും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെതിരെ അക്ഷയ് കുമാര്‍ ഇതുവരെ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല.