നൂപുര്‍ ശര്‍മയുടെ പരാമര്‍ശം കലാപം സൃഷ്ടിച്ചു; രാജ്യത്തോട് മാപ്പു പറയണമെന്ന് സുപ്രീംകോടതി

പ്രവാചകന് എതിരായ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പു പറയണമെന്ന് സുപ്രീംകോടതി. നുപൂറിന്റെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചു. ഉദയ്പൂരിലെ കൊലപാതകത്തിന കാരണം ഈ പരാമര്‍ശമാണെന്നും കോടതി വിലയിരുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും വിമര്‍ശിച്ചു.

ഉദയ്പൂര്‍ കൊലപാതകം ഉള്‍പ്പെടെ രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്നും കോടതി കുറ്റപ്പെടുത്തി.
എന്ത് പറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചു. എന്നാല്‍ ചാനല്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നെന്ന് നൂപുറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എങ്കില്‍ അവതാരകന് എതിരെയും കേസെടുക്കണമെന്നും കോടതി പറഞ്ഞു.

തനിക്കെതിരായ കേസുകള്‍ ഒന്നിച്ച്ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു നൂപുര്‍ ശര്‍മ്മയുടെ ഹര്‍ജി.

ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പല സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നും കേസുകള്‍ ഒന്നിച്ച് ഡല്‍ഹി പൊലീസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് നൂപുര്‍ ശര്‍മ്മ ആവശ്യപ്പെട്ടത്. എന്നാല്‍ നൂപുര്‍ ശര്‍മയുടെ അപേക്ഷ കോടതി പരിഗണിച്ചില്ല.