'ജനങ്ങള്‍ തിരഞ്ഞെടുത്തവരല്ലെന്ന് ഓർമ വേണം'; ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർമാർക്കെതിരെ സുപ്രീംകോടതി

ഗവർണർമാർക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. നിയമസഭ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾ ഹർജിയുമായി വരുന്നതുവരെ ഗവര്‍ണര്‍മാർ എന്തിന് കാത്തിരിക്കണമെന്ന് കോടതി ചോദിച്ചു. ജനങ്ങള്‍ തിരഞ്ഞെടുത്തവരല്ലെന്ന് ഓര്‍മ വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

വിഷയത്തിൽ ഗവർണറും മുഖ്യമന്ത്രിയും ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കി. സമാന ഹര്‍ജികളുമായി കേരളവും തമിഴ്‌നാടും കോടതിയെ സമീപിച്ചിരിക്കെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണമെന്നത് ശ്രദ്ധേയമാണ്‌. കേരളത്തിന്റെ ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.

എട്ട് ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 32-ാം അനുഛേദ പ്രകാരം റിട്ട് ഹർജിയാണ് നല്‍കിയിരിക്കുന്നത്. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നതിനാല്‍ സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുന്നതായും ഹർജിയില്‍ ആരോപണമുണ്ട്. എട്ട് ബില്ലുകള്‍ ചൂണ്ടിക്കാണിച്ച് സമർപ്പിരിക്കുന്ന ഹർജിയില്‍ ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും സർക്കാർ വ്യക്തമാക്കുന്നു.

എന്നാൽ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നതായും സര്‍ക്കാരിന്റെ ഹര്‍ജിക്ക് സുപ്രീംകോടതിയില്‍ മറുപടി നല്‍കുമെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം. ഭരണഘടനാപരമായി സംശയമുണ്ടെങ്കില്‍ ആര്‍ക്കും സുപ്രീം കോടതിയെ സമീപിക്കാം. വിഷയത്തിൽ വ്യക്തതക്ക് വേണ്ടിയാകും സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ തീരുമാനമാകുന്നതോടെ ആശയക്കുഴപ്പം മാറുമല്ലോ. മുഖ്യമന്ത്രി നേരിട്ടുവന്ന് വിശദീകരിക്കുന്നത് വരെ ബില്ലുകളില്‍ പുനര്‍വിചിന്തനമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.