ഇന്ത്യയിലെ മുന്‍നിര ദൃശ്യമാധ്യമ ഗ്രൂപ്പുകളിലൊന്നായ സണ്‍ടിവിയുടെ സ്വത്തുസംബന്ധിച്ച് സഹോദരങ്ങള്‍ തമ്മില്‍ തമ്മിലടി. മുന്‍ കേന്ദ്രമന്ത്രി മുരശൊലിമാരന്റെ മക്കളായ സണ്‍ഗ്രൂപ്പ് ഉടമ കലാനിധിമാരനും സഹോദരനും മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധിമാരനും തമ്മിലുള്ള തര്‍ക്ക രൂക്ഷമായതിനെ തുടര്‍ന്ന് നിയമനടപടികളിലേക്ക് കടന്നു.
വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നുകാട്ടി കലാനിധിമാരന്റെയും ഭാര്യ കാവേരിയുടെയും മറ്റ് ഏഴാളുടെയുംപേരില്‍ ചെന്നൈയിലെ നിയമസ്ഥാപനംമുഖേന ദയാനിധി വക്കീല്‍ നോട്ടീസ് അയച്ചു. കലാനിധിയും ഭാര്യ കാവേരിയും കൂട്ടാളികളും വഞ്ചനയിലൂടെ സ്വത്ത് തട്ടിയെടുത്തെന്നാണ് പ്രധാന ആരോപണം.
മുരശൊലിമാരന്റെ ആരോഗ്യനില തീരേ വഷളായപ്പോഴാണ് കലാനിധി നിയമവിരുദ്ധപ്രവര്‍ത്തനം തുടങ്ങിയതെന്ന് നോട്ടീസില്‍ പറയുന്നു. 2003-ല്‍ മുരശൊലിമാരന്റെ മരണശേഷം നിയമപരമായ രേഖകളില്ലാതെ ഓഹരികള്‍ അമ്മ മല്ലികാ മാരന് കൈമാറി. കലാനിധിക്ക് ഓഹരികള്‍ സ്വന്തമാക്കാനുള്ള എളുപ്പവഴിയായിരുന്നു ഇത്. 2003 സെപ്റ്റംബര്‍ 15-ന് കലാനിധി സണ്‍ടിവി നെറ്റ്വര്‍ക്കിന്റെ 3500 കോടിരൂപ മതിക്കുന്ന ഓഹരികള്‍ സ്വന്തംപേരിലേക്ക് മാറ്റി.
ഒറ്റ ഓഹരിപോലും ഇല്ലാതിരുന്ന കലാനിധി, മൂല്യനിര്‍ണയം നടത്താതെയും ഓഹരിയുടമകളുടെയും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെയും അനുമതിയില്ലാതെയും തട്ടിപ്പിലൂടെയാണ് ഇതൊക്കെ സ്വന്തമാക്കിയത്. പണംതിരിമറി തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) ലംഘനമാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്(എസ്എഫ്‌ഐഒ) അന്വേഷണം ആവശ്യപ്പെടുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലാനിധിയുടെ വക്കീല്‍ നോട്ടീസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ അവ വലിയ മാധ്യമശ്രദ്ധ നേടി. സണ്‍ ടിവിയോട് മാധ്യമപ്രവര്‍ത്തകര്‍ വിശദീകരണത്തിന് സമീപിച്ചു. സണ്‍ നെറ്റ്വര്‍ക്ക് പറയുന്നത്, 22 വര്‍ഷം പഴക്കമുള്ള തര്‍ക്കമാണ് ലീഗല്‍ നോട്ടീസില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. സണ്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരുന്ന കാലത്തെ പ്രശ്നം. കമ്പനി നടത്തിയെന്ന് നോട്ടീസില്‍ ആരോപിക്കപ്പെടുന്ന പ്രസ്താവനകള്‍ തെറ്റായതും, തെറ്റിദ്ധരിപ്പിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്. വസ്തുതകളില്ലാത്തതും നിയമ പിന്തുണയില്ലാത്തതുമാണ്. കമ്പനിയുടെ എല്ലാ പ്രവൃത്തികളും നിയമപരമായി നടക്കുന്നതാണ്. കമ്പനിയുടെ ഒഹരികള്‍ കൃത്യമായി പരിശോധിക്കപ്പെട്ട് തന്നെയാണ് അനുവദിച്ചിട്ടുള്ളതെന്നും അവര്‍ വിശദീകരിക്കുന്നു.
Read more
ഇപ്പോഴത്തെ പ്രശ്നം, കമ്പനിയുടെ ബിസിനസിനെയോ ദൈന്യംദിന പ്രവര്‍ത്തനങ്ങളെയോ ഒരുതരത്തിലും ബാധിക്കുന്നതല്ല എന്നാണ് സണ്‍ ടിവി പറയുന്നത്. പ്രമോട്ടര്‍മാര്‍ക്കിടയിലെ കുടുംബ പ്രശ്നം മാത്രമായി അവരതിനെ നിസ്സാരവത്കരിക്കാനും ശ്രമിക്കുന്നുണ്ട്.







