സുമിയിലെ സ്ഥിതി അതീവ ഗുരുതരം; 600 മലയാളി വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ 120 ബസ്സുകള്‍

സുമിയിലുള്ള 600 മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് എക്സ്റ്റേണല്‍ അഫയേഴ്സ് മിനിസ്ട്രിക്ക് കൈമാറിയിട്ടുണ്ടെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി . അവരെ പുറത്തെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താനായി റഷ്യന്‍ അതിര്‍ത്തിയില്‍ 120 ബസുകള്‍ അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ യുദ്ധഭൂമിയായതിനാല്‍ ഉക്രൈന്‍ ഭരണകൂടത്തിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികളെ ബോര്‍ഡറില്‍ എത്തിക്കാനാകൂ.

ഈ വിഷയം ഇന്ത്യ റഷ്യയുമായും ഉക്രൈനുമായും ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. യുദ്ധമേഖലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഹ്യുമാനിറ്റേറിയന്‍ കോറിഡോര്‍ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 40 പേര്‍ ഹംഗറിയുടെ ബോര്‍ഡറായ കൊസൂണില്‍ അകപ്പെട്ടിരിക്കുകയാണെന്നുള്ള വിവരം കിട്ടിയിട്ടുണ്ട്. അവരുടെ വിവരങ്ങള്‍ ശേഖരിച്ച് എക്സ്റ്റേണല്‍ അഫയേഴ്സ് മിനിസ്ട്രിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെ പുതിയ കോണ്‍ടാക്റ്റ് നമ്പരുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. യുക്രൈന്റെ പ്രധാന നഗരങ്ങളിളെല്ലാം റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോള്‍ നഗരം റഷ്യ തകര്‍ത്തെന്ന് ഉക്രൈന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയതതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ നാറ്റോയ്‌ക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തി. നോ ഫ്‌ളൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിനെതിരെയാണ് പ്രതിഷേധം. ബോംബ് വര്‍ഷിക്കാന്‍ പച്ചക്കൊടി കാണിക്കുന്നത് പോലെയാണ് നാറ്റോയുടെ നടപടിയെന്നാണ് സെലന്‍സ്‌കിയുടെ ആരോപണം.