ബോംബൈ ഹൈക്കോടതിയുടെ വിചിത്ര വിധി; പോക്സോ കേസിൽ 64 കാരനെ വെറുതെവിട്ടു!

എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ 64 കാരനെ വെറുതെവിട്ട് ബോംബൈ ഹൈക്കോടതി. പോക്സോ കേസില്‍ 20 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് സെഷന്‍സ് കോടതി വിധിച്ച പ്രതിയെയാണ് ഹൈക്കോടതിയി വെറുതെ വിട്ടത്. പീഡനം നേരിട്ടപോലെയുള്ള പെരുമാറ്റമായിരുന്നില്ല പെണ്‍കുട്ടിക്ക് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി 64 കാരനെ ജയിൽ മോചിതനാക്കിയത്.

ലൈംഗികാതിക്രമത്തിന് വിധേയയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മോശമായി എന്തെങ്കിലും കാര്യം നേരിട്ടാൽ ‘ഭയപ്പെട്ട് ഇരിക്കുകയും സാധാരണയായി പെരുമാറുകയും കളിക്കുകയും ചെയ്യില്ല’. അത് കുട്ടിയെ ശാരീരികമായും മാനസികമായി ബാധിക്കുമായിരുന്നു എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസ് ഗോവിന്ദ് സനാപ് ഇത് അംഗീകരിച്ചാണ്‌ പ്രതിയെ കുറ്റവിമുക്തനാക്കിയത്.

2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി വീടിനടുത്തുള്ള ക്ഷേത്രത്തിനു സമീപം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയി. പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ അമ്മ അന്വേഷിച്ചിറങ്ങി. ക്ഷേത്രത്തിനു സമീപമിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ അമ്മ കൂട്ടിക്കൊണ്ടുവന്ന് സ്കൂളിലേക്കയച്ചു. സ്കൂളില്‍ നിന്ന് തിരികെ വന്നപ്പോള്‍ മുതല്‍ കുട്ടി അസ്വസ്ഥയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.

തൊട്ടടുത്ത ദിവസം തനിക്കൊരാള്‍ മിഠായി നല്‍കി, ബലമായി തന്‍റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്ന് കുട്ടി പറഞ്ഞു. പിന്നീടാണ് പരാതി നല്‍കിയതെന്ന് അമ്മ പറയുന്നു. സെഷന്‍സ് കോടതി പ്രതിയാണെന്ന് കണ്ടെത്തി ശിക്ഷവിധിച്ചതോടെയാണ് ഇയാള്‍ ഹൈക്കോടതിയിലേക്ക് നീങ്ങിയത്. അറുപത് വയസാണ് തന്‍റെ പ്രായം. ഇത്തരത്തിലൊരു ഹീനപ്രവര്‍ത്തി ചെയ്യാനുള്ള ആരോഗ്യമില്ല. മാത്രമല്ല, കോടതിയില്‍ വാദിഭാഗം സമര്‍പ്പിച്ച മെഡിക്കല്‍ രേഖകളില്‍ പൊരുത്തക്കേടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിൽ കേസെത്തിയപ്പോൾ, അമ്മ വരുമ്പോള്‍ കുട്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമീപത്ത് ആരോപണവിധേയനും ഇരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ മൊഴിയില്‍ തന്നെ ഇത് വ്യക്തമാണ്, പീഡനം നേരിട്ട പെണ്‍കുട്ടി എങ്ങനെയാണ് ഇത്തരത്തില്‍ പെരുമാറുക എന്ന ചോദ്യം പ്രതിഭാഗം ഉയര്‍ത്തി.

Read more