സ്‌കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം; കർണാടകയിൽ ഓഗസ്റ്റ് 23 മുതൽ തുറക്കും

സ്‌കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. ശശി തരൂരിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി സ്‌കൂളുകള്‍ തുറക്കാമെന്നും മന്ത്രി വ്യക്താക്കി.

ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.

കർണാടകയിൽ ഓഗസ്റ്റ് 23 മുതൽ 9,10,11,12 ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും പ്രൈമറി സ്കൂളുകളും എട്ടാം ക്ലാസും വീണ്ടും തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക. ഓഗസ്റ്റ് അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.