സ്റ്റാലിന്റെ ജാക്കറ്റിന് 17 കോടിയെന്ന് വ്യാജപ്രചാരണം; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് എതിരെ സാമൂഹ്യമാധ്യമത്തിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. സേലം വെസ്റ്റ് ജില്ലാ സെക്രട്ടറി അരുള്‍ പ്രസാദാണ് അറസ്റ്റിലായത്. ദുബായ് സന്ദര്‍ശന സമയത്ത് സ്റ്റാലിന്‍ ധരിച്ചിരുന്ന ജാക്കറ്റിന് 17 കോടി രൂപയാണ് വിലയെന്നാണ് അരുള്‍ ട്വീറ്റ് ചെയ്തത്.

കൂളിംഗ് ജാക്കറ്റാണ് സ്റ്റാലിന്‍ ധരിച്ചത്. അതിന്റെ വില 17 കോടി രൂപയാണ്. ധനമന്ത്രി പിടിആര്‍ പളനിവേല്‍ ത്യാഗരാജനില്‍ നിന്നാണ് വില സംബന്ധിച്ച വിവരെ ലഭിച്ചതെന്നും പറഞ്ഞ് ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന സ്റ്റാലിന്റെ ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്.

സംഭവത്തില്‍ എടപ്പാടിയിലെ പ്രാദേശിക ഡിഎംകെ പ്രവര്‍ത്തകന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. സമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വിനോജ് പി സെല്‍വത്തിന്റെ പേരില്‍ ജനുവരിയില്‍ കേസെടുത്തിരുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ. അധികാരത്തില്‍ എത്തിയതിന് ശേഷം നൂറിലേറെ ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്ന് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.

സാമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് തമിഴ്‌നാട സര്‍ക്കാരും് പൊലീസും മുന്നറിയിപ്പ് നല്‍കി.