'നിങ്ങള്‍ ഒരേ തെറ്റ് ആവര്‍ത്തിക്കുന്നു, ഏക ഭാഷാ ഐക്യത്തിന് സഹായകമാകില്ല', മുന്നറിയിപ്പുമായി സ്റ്റാലിന്‍

വ്യത്യസ്ത ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയം നടത്താന്‍ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്കും ബഹുസ്വരതയ്ക്കും എതിരാണ്. അത് വിജയിക്കില്ല. അമിത് ഷായുടെ പ്രസ്താവന ഇന്ത്യയുടെ ഐക്യം തകര്‍ക്കാനുള്ള ശ്രമമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് കോട്ടം വരുത്താന്‍ ബിജെപി നേതാക്കള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയാണ്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രം മതിയെന്നും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ആവശ്യമില്ലെന്നും അമിത് ഷാ വിശ്വസിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

‘നിങ്ങള്‍ ഒരേ തെറ്റ് വീണ്ടും വീണ്ടും ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങള്‍ വിജയിക്കുകയില്ല! ‘ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ഏകഭാഷാ ഐക്യത്തെ സഹായിക്കില്ലെന്നും ഏകവചനം എന്നതിന് സമഗ്രത സൃഷ്ടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തില്‍ സംസാരിക്കവേയാണ് അമിത് ഷാ പ്രസ്താവന നടത്തിയത്. രാജ്യത്തെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ മാറ്റുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

വ്യത്യസ്ത ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിന് പകരം ഇന്ത്യയുടെ ഭാഷയില്‍ അതായത് ഹിന്ദി ഉപയോഗിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ക്ക് ബദലായല്ല ഇംഗ്ലീഷിന് പകരമായാണ് ഹിന്ദിയെ സ്വീകരിക്കേണ്ടത്. ഇത് ഭാഷയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാന്‍ അനുയോജ്യമായ സമയമാണിത്. രാജ്യത്തിന്റെ ഒത്തൊരുമയക്ക് ഈ നീക്കം വളരെ പ്രധാനമാണ് എന്നും ഷാ പറഞ്ഞിരുന്നു.