റോയിട്ടേഴ്‌സ് മാധ്യമ പ്രവര്‍ത്തകന്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍; നടപടി അനുമതിയില്ലാതെ വാര്‍ത്താശേഖരണത്തിന് ശ്രമിച്ചതിനെന്ന് വിശദീകരണം

വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയിലാണ് മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദിഖ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നാണ് സൂചന. പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവു കൂടിയാണ് അറസ്റ്റിലായ ഡാനിഷ്.

റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഇദ്ദേഹം ശ്രീലങ്കയിലെ ഒരു സ്‌കൂളില്‍ അതിക്രമിച്ച് കടന്നതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീലങ്കയിലെ നെഗോമ്പോ നഗരത്തിലെ ഒരു സ്‌കൂളിലാണ് ഇദ്ദേഹം അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.  ശ്രീലങ്കയിലെ സെന്റ് സെബാസ്റ്റ്യന്‍ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയെ കുറിച്ചറിയാനാണ് ഡാനിഷ് ഈ വിദ്യാലയത്തില്‍ എത്തിയതെന്നാണ് സൂചന.

സ്‌കൂള്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കടന്നുവെന്ന വകുപ്പ് ചുമത്തിയാണ് ഡാനിഷിനെ അറസ്റ്റ് ചെയ്തത്. മെയ് 15 വരെ ഇദ്ദേഹം റിമാന്‍ഡിലായിരിക്കും. റോയിട്ടേഴ്‌സിനായി ന്യൂഡല്‍ഹിയിലാണ് ഇദ്ദേഹം ജോലിചെയ്തിരുന്നത്.