അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക തീവണ്ടികള്‍; ദിവസം 400 ട്രെയിനുകള്‍ ഓടിക്കാനുള്ള കര്‍മ്മപദ്ധതിക്ക് റെയില്‍വേ രൂപം നല്‍കി

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ ഓടിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. ദിവസം 400 ട്രെയിനുകള്‍ ഓടിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയം സമര്‍പ്പിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 400 പ്രത്യേക തീവണ്ടികള്‍ ഓടിക്കാനുള്ള കര്‍മ്മപദ്ധതിക്കാണ് റെയില്‍വേ രൂപം നല്‍കിയത്. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്ര. ഒരു ട്രെയിനില്‍ 1000 യാത്രക്കാരെയാകും കയറ്റുക.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഓടിക്കണമെന്ന് കേരളം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ ലോക്ക്ഡൗണ്‍ മെയ് വരെ നീട്ടിയ സാഹചര്യത്തില്‍ ട്രെയിനുകള്‍ ഓടിക്കാനാവില്ലെന്നായിരുന്നു റെയില്‍വേയുടെ നിലപാട്.

ദേശീയ ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലും, അതിഥി തൊഴിലാളികള്‍ മിക്ക സംസ്ഥാനങ്ങളിലും കടുത്ത ആശങ്കയിലാണെന്നതും പരിഗണിച്ചാണ് ട്രെയിനുകള്‍ ഓടിക്കാന്‍ ആലോചിക്കുന്നത്.

Read more

ലോക്ക്ഡൗണ്‍ കാരണം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി യാത്രാവിലക്കില്‍ കുടുങ്ങിയവര്‍ക്കെല്ലാം സ്വദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കി കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങിയത്.